Tuesday, November 4, 2008

വിപണി

കേറ്റ് വാക് നടത്തി
നാമ മാത്ര ധരിച്ച്
ജഘനവും വക്ഷോജങ്ങളും
അളന്നു തിരിച്ച്
ലോകൈക സുന്ദരിയായി

ആരാധകവ്യന്ദത്തിന്‍റ്റെ
വിശ്വാരാധനയില്‍
ഉയര്‍ന്ന് പരിലസിച്ചു
കയ്യൊപ്പിനും
ദര്‍ശനത്തിനും
വേഴ്ച്ചക്കുമായി
ആളുകള്‍ വരിയായി

ഊഹക്കച്ചവടവും
ഉദാരവല്‍ക്കരണവും
പിമ്പുകളായി
വിലയേറിയ അവള്‍ക്കായി
എല്ലാം വ്യയം ചെയ്തു

ഒരുനാള്‍.. അവള്‍
മാന്ദ്യം ബാധിച്ച്
പ്രതിരോധം നഷ്ടമായി
വേദിയില്‍ കുഴഞ്ഞു വീണു..
കടുത്ത കേളികള്‍
തളര്‍ത്തി
അത്യാസന്ന നിലയില്‍..

ലോക ഭിഷഗ്വരന്‍
പരമാവധി ശ്രമിച്ചിട്ടും
ഇപ്പോഴും ഊര്‍ദ്ധ്വന്‍ വലിച്ച്
മ്യതാവസ്ഥയില്‍..

പഴങ്കഥയുടെ
തിക്തസ്മരണയില്‍
മരിച്ചിട്ടും മരിക്കാതെ
അവള്‍..

Sunday, November 2, 2008

പഴയ വീട്

പഴയ വീട്
പൊളിച്ചടക്കി
കല്ലും, മണ്ണും പാഴ്മരങ്ങളുമായി

സ്വീകരണമുറിയിലെ
നിറം മങ്ങിയ ചാരുകസേരയിലെ
പഴയ പ്രതാപം
ഊന്നുവടിയും കണ്ണടയും
മറന്ന് പുറത്തേക്കോടി

അകത്തളത്തില്‍
കാണാതായ
കണ്ണടച്ച മാത് ത്വം
സഫലപ്രതീക്ഷയാല്‍
മിഴി തുറന്നു

കിടപ്പറയിലെ
തളര്‍ന്നു മയങ്ങിയ രതിയും
പിണങ്ങിയുതിര്‍ത്ത നെടുവീര്‍പ്പുകളും
മെനഞ്ഞെടുത്ത ജീവസ്പന്ദങ്ങളും
സ്വതന്ത്രമായി..

കക്കൂസ് മാലിന്യം
ഉമിനീരിലലിഞ്ഞ സ്വദായി
പരിണമിച്ചു..

അടുക്കളയിലെ
എല്ലാരും മറന്ന
കണ്ണീരില്‍ പൊതിഞ്ഞ
പട്ടിണിയുടെ ചരിത്രം
തീയില്ലാത്ത അടുപ്പില്‍
അപ്പോഴും
പുകഞ്ഞു കൊണ്ടിരുന്നു..