Thursday, December 20, 2007

എ. ടി. എം

ഒറ്റമുറിയില്‍ നിന്നും
ഉള്‍ക്കാഴ്ചയുടെ
പരിമളത്തില്‍
വെളിയിലിറങ്ങി
മെഷിനില്‍ തുട്ടിട്ട്
സുരക്ഷിതത്വത്തിന്റെ
ഉറയെടുത്തണിഞ്ഞ്
എ.ടി.എമ്മില്‍
കാര്‍ഡിട്ട് മെനുവിലെ
മെലിഞ്ഞതില്‍ ഞെക്കി
ഗ്ലാസ് പൊക്കിവന്ന
ചേലയില്ലാത്ത
സൗന്ദര്യവുമായി
നിലാവത്തിറങ്ങി
പോക്കുവെയിലില്‍
കറങ്ങി

സ്ഖലിച്ച സ്വപ്നങ്ങള്‍
മായാന്‍ തുടങ്ങിയപ്പോള്‍
നോക്കിയ വിളിച്ചു
അക്കൗണ്ടില്‍ സംഖ്യ
തീര്‍ന്നിരുന്നു..
ഉടയാത്ത ചന്തവുമായി
അവള്‍
വീണ്ടും കണ്ണാടിക്കൂട്ടിലേക്ക്

Saturday, December 15, 2007

കേസ്

വേലി തെക്കാണെന്നും
കാലപഴക്കത്താല്‍ സര്‍വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം

വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക

വിള തിന്ന്
വേലിയില്ലാതായെന്ന് വിധി

വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല്‍ വാദി

ആകാശം വീണെന്ന് കേട്ട
മുയല്‍കഥയല്ലെന്ന് എതൃകക്ഷി

തീര്‍പ്പ്
രണ്ടുപേര്‍ക്കും തെക്ക് ആറടി

Friday, December 14, 2007

അവസ്ഥാന്തരം

മുറ്റത്തെ ചെമ്പകം
പൂക്കള്‍ ചോപ്പായി
സുഗന്ധമായി
മുടിച്ചുരുളുകളില്‍
പുസ്തക സഞ്ചിയില്‍
ഇളം കനവുകളില്‍
പ്രണയവഴികളില്‍
ഇലകള്‍ തഴച്ച്
പൂക്കള്‍ നിറഞ്ഞ്
നിറ ചന്തമായി

മോന്തായം വിട്ടപ്പോള്‍
കാരണവര്‍ക്ക് കാലനായ്
അപശകുനമായ്
ബലിയാടായ്
തല തകര്‍ന്ന്
ഉടല്‍ ചിന്നഭിന്നമായ്
നറുമണമില്ലാതെ
അട്ടത്തെ ശേഖരമായ്

Tuesday, December 11, 2007

സ്വാര്‍ത്ഥം

മാപ്പ്....
സ്കൂളില്‍ സതീര്‍ത്ഥ്യനിരിക്കുമ്പോള്‍
പെന്‍സില്‍ കുത്തി നിറുത്തിയതിന്
മുത്തി ചത്ത് കട്ടിലൊഴിയാന്‍
കാത്തതിന്..
കള്ള്മോന്തി അമ്മയെ തല്ലി
ചോറുകലമെറിഞ്ഞ്
നോവിപ്പിച്ച അച്ഛന്‍
ഉണരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതിന്
അയലത്തെ ഉയര്‍ച്ചയില്‍ ദുരമൂത്ത്
ഭ്രാന്താവാന്‍ നേര്‍ച്ചയിട്ടതിന്
സീനിയറുടെ മോളെ കെട്ടി
ആപ്പീസിന്റെ മരുമോനാവാന്‍ മോഹിച്ചതിന്
സ്വൈരം കിട്ടാന്‍ നല്ലപാതി
ഒളിച്ചോടാനാശിച്ചതിന്
പെങ്ങളുടെ ഗര്‍വൊതുക്കാന്‍
അളിയന്‍ വണ്ടിതട്ടി വടിയാവാന്‍ തോന്നിച്ചതിന്
മക്കള്‍ വടിവാളുമായ് കലികയറിയോടുമ്പോള്‍
ബീജമായ് തിരിച്ചെടുക്കാന്‍ അഗ്രഹിച്ചതിന്
ദുരിത നിവാരണത്തിന്
സ്വയംഹത്യചെയ്യാനൊരുങ്ങിയതിന്

Sunday, December 9, 2007

ഭാവങ്ങള്‍

വികാരങ്ങള്‍
ബഹിര്‍ഗമിക്കുമ്പോള്‍
സ്നേഹം
ആര്‍ദ്രമാം ഇളംകാറ്റായ്
ദുഖം
കണ്ണീരായ് പെയ്തൊഴിഞ്ഞ്
വിഷാദം
മൂടിക്കെട്ടിയ കാര്‍മേഘമായ്
ആഹ്ലാദം
വീണുടഞ്ഞ പളുങ്കായ്
ചിരിച്ച് ചിതറി
ആശ്ചര്യം
തൊണ്ടയില്‍ കുരുങ്ങി
ആകാംക്ഷ
ഒരുമുഴം മുന്‍പെ എടുത്തുചാടി
പ്രണയം
നിരവൃതിയുടെ ഉത്സവമായ്
കാമം
ആത്മസായൂജ്യമായ് കെട്ടുപിണഞ്ഞ്
വെറുപ്പ്
സമാന്തരരേഖയായ്
അസൂയ
ഉമിത്തീയായ് എരിഞ്ഞ്

വികാരങ്ങള്‍
കലഹിക്കുമ്പോള്‍
കാമം സംഹാരമായ്
ക്രോധം സായൂജ്യമായ്
ഭ്രമവശം വദരായ്
വിചാര വിരാമമായി..

Friday, December 7, 2007

പരിണാമം

വെറുപ്പാണെന്നറിയാതെ
സ്നേഹത്താല്‍ ബന്ധിതനാക്കി
അന്നം നല്‍കി
മാംസത്തെ ശുദ്ധീകരിച്ച്
നഗ്നതയെ മറച്ച്
വിഹല്വതകളെയകറ്റി
ആത്മാവില്‍ വെളിച്ചമേകി
ഹൃദയത്തില്‍ നന്മയുടെ
പൂക്കളൊരുക്കി
അവള്‍ സ്നേഹം പകര്‍ന്നു..

വെളിപാടുകളുടെ
പ്രേരകമായ്
സ്നേഹവൃക്ഷത്തിന്റെ
നാമ്പുകള്‍ വളര്‍ന്ന്
വെറുപ്പിന്റെ വടവൃക്ഷത്തില്‍
പടര്‍ന്നുകയറി
തിരിച്ചറിവിന്റെ
സ്നേഹതീരങ്ങളൊരുങ്ങിയപ്പോള്‍
അറിയാതെ ഇഷ്ടമായി..

അപ്പോഴേക്കും
പരിണാമത്തിന്റെ
ദശാസന്ധിയില്‍
കാപട്യം തിരിച്ചറിഞ്ഞ
അവള്‍ സ്നേഹം
പകുത്തു തുടങ്ങിയിരുന്നു..

Friday, November 30, 2007

സ്വാതന്ത്ര്യം

അസമയത്തെ വണ്ടിയില്‍
കൂസലേതുമില്ലാതെ
തിങ്ങിഞെരുങ്ങി
അവളിരിക്കുന്നു

കൂടെയാരുമില്ലാത്ത
പെണ്ണില്‍ കാണുന്ന
ഭീതിയില്ല!
തിരക്കുന്ന പൂവാലരൊ
സ്പര്‍ശസുഖകാംക്ഷികളൊ
അലട്ടുന്നില്ല

സ്വാതന്ത്ര്യത്തിന്‍ ലഹരിയില്‍
കണ്ണുകളില്‍ പുച്ഛം
കാന്തിവദനത്തില്‍
പ്രസന്നതനിഴലാട്ടം
ഇഷ്ട്ക്കേടുകളുടെ
പൊരുത്തക്കേടില്‍
നിന്നുയര്‍ന്ന ഉജ്ജ്വലഭാവം

ആരിവള്‍ ഗണികയൊ..
ഭയക്കേണ്ട മാനമിവള്‍ക്കില്ലേ
വിവിധാനുഭവങ്ങളില്‍
ഭോഗലോലയായ് ചാര്‍ത്തിയ
പൗരുഷത്താലഹങ്കാരി
ആണിവള്‍ക്ക് തൃണം

ദാമ്പത്യം, ആര്‍ത്തവവിമ്മിഷ്ടം
ആവര്‍ത്തന വിരസം
അടിമത്വത്തിന്‍ കണ്ണികള്‍
മക്കള്‍, അന്ത്യക്കൂട്ടിന്നത്താണി
വ്യര്‍ത്ഥമാം പ്രതീക്ഷ!
സ്വാര്‍ത്ഥതയുടെ മറുവശം

ചിന്തകളിങ്ങനെ വിഹരിക്കെ
സ്റ്റേഷനു മുന്നില്‍ ഗര്‍വ്വോടെയിറങ്ങി
വനിതാപോലീസായി
ചിതറിയ വികാരങ്ങള്‍
വാരിക്കൂട്ടി വണ്ടി മുന്നോട്ട്.!

Sunday, November 25, 2007

മൃഗയ

വിശാലമാം കാമ്പസില്‍
നിഴലേകും മരങ്ങള്‍ക്കിടയില്‍
സ്നേഹമായ് വീശുമിളംകാറ്റില്‍
കാരുണ്യമായ് ഇലകള്‍ പൊഴിയുന്നു

സതീര്‍ത്ഥ്യര്‍ ചെറുകൂട്ടങ്ങളായ്
കളിപറഞ്ഞും ചിരിച്ചും
മനമൊന്നായ് വിഹരിപ്പൂ..
നാളെയുടെ വരദാനങ്ങള്‍
മിണ്ടാപ്രാണികള്‍ക്കായ്
ജീവനുഴിഞ്ഞോര്‍..

കടമ്പകള്‍ കടന്നെത്തുന്നൂ പുതിയവര്‍
എല്ലാം കൗതുകമാമോദം
താമസാലയത്തില്‍; പണക്കൊഴുപ്പില്‍
എല്ലില്‍ വറ്റുകുത്തോര്‍.. പഴയവര്‍
താമസാലയ ഭരണക്കാര്‍
മൃഗയാവിനോദം തുടങ്ങുന്നു
മ്ലേച്ഛമാം രസങ്ങള്‍ പുറത്തെടുത്ത്
വിഷമയമാം പേക്കൂത്തുകളാടീട്ട്
ജീവഭയമുണര്‍ത്തീടുന്നു..
വഴങ്ങാത്തോര്‍ ഭ്രമവിഹല്വരായ്.
ദുര്‍ബലമനസ്കര്‍ ഒടുങ്ങാനൊരുങ്ങുന്നു
കഥയില്ലാത്തോരറിയുന്നൂ..
മുറവിളികള്‍ തുടങ്ങുകയായി

അന്വേഷണത്തിന്നൊടുവില്‍
ഭൂമി പിന്നേയും കറങ്ങുന്നു..
പുഴകടലിലൊടുങ്ങുന്നു..

Friday, November 23, 2007

ഒഴിഞ്ഞ വക്കീലാപ്പീസ്

ആളൊഴിഞ്ഞ വക്കീലാപ്പിസിന്റെ മൂലയില്‍
കറുത്ത ഗൗണ്‍ വേതാളം പോലെ തൂങ്ങുന്നു
ആശങ്കകളും ആവലാതികളും വായുവില്‍ തളംകെട്ടി
പാപികളുടെ ഇടത്താവളത്തില്‍
വെട്ടിനുറുക്കിയ മനസാക്ഷിത്തുണ്ടുകള്‍
ചോരപുരണ്ട് ചിതറിക്കിടക്കുന്നു
ദൈന്യതയുടെ നിഴലുകള്‍ വീണുടഞ്ഞ്
ഗുമസ്തന്റെ മൂലക്കുരു നീര്‍ച്ചാലുകളായി
പാടുവീണ മരക്കസേര ചുവപ്പണിയുന്നു
കഴുത്തറ്റം ചെളിയില്‍ താഴ്ന്നൊരു തലയുടെ
നിഴല്‍ നിലാവില്‍ തെളിയുമ്പോള്‍
വാനോളമുയരത്തില്‍ പെരുമയുടെ കേളികൊട്ട്
ശിഷ്യര്‍ക്ക് നല്‍കാത്ത പ്രതിഫലവും
പാഴായ അദ്ധ്വാനവും ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട്
കാബിന്‍ പൂട്ടി താക്കോല്‍ മണലാരണ്യത്തിലേക്ക്
വലിച്ചെറിയുന്നു.. അവര്‍ അക്കരെ പോകട്ടെയെന്നാവും
കക്ഷിയുടെ കാശ് മേശക്കുള്ളിലാകുന്നതുവരെ
ചതുരംഗം തുടരുന്ന മേശ ഇരയെകാത്ത്
എട്ടുകാലിവലപോലെ...
ചിത്രഗുപ്തന്‍ കുറിക്കാന്‍ മറന്ന
ശപിച്ചും ആഹ്ലാദമണപൊട്ടിയും
നല്‍കിയ ഫീസിന്റെ കണക്കുകള്‍
ഖഡ്ഗമായി ഗുരുവിന്റെ ശിരസ്സിനുമുകളില്‍
ചില്ലലമാരയിലെ അറിവിന്റെ വേദഗ്രന്ഥങ്ങള്‍
അസംബന്ധങ്ങള്‍ പുലമ്പി തലയറഞ്ഞുചിരിക്കുന്നു
അസന്‍ മാര്‍ഗ്ഗികള്‍ക്കൊരത്താണിയായി അപ്പോഴും
വാതിലുകള്‍ മലര്‍ക്കെ തുറന്നുകിടന്നിരുന്നു

Tuesday, November 20, 2007

അന്ത്യക്കാഴ്ച

വഴിയോരക്കുടിലിലെ വൃദ്ധരാം ദമ്പതികള്‍
വഴിക്കണ്ണുമായ് കാത്തിരിക്കുമ്പോഴൊരു
തര്‍ക്കമുരുത്തിരിയുന്നൂ..
ഉറപ്പിച്ച മരണമതേതുവിധം..?
വെള്ളത്തില്‍ മുങ്ങി നിറവയറായ്
ശ്വാസം കളയാമെന്നൊരാള്‍!
തൂങ്ങിയാല്‍ പെട്ടെന്നാകുമെന്ന് മറ്റൊരാള്‍
അല്ലെങ്കിലോ.. വണ്ടിക്കുമുന്നില്‍..
ക്ലെയിം സംഖ്യ മകനാവട്ടെയെന്നമ്മ!
ഉപേക്ഷിച്ചയാള്‍ക്ക് പണമോ..
തര്‍ക്കം മൂത്ത് പിണങ്ങിയിരിപ്പായി..

വാര്‍ദ്ധക്യത്തണലിനായ്..
നനച്ച് വടവൃക്ഷമാക്കിയോന്‍..
പരിചരണം ശരണമായപ്പോള്‍
ഉപേക്ഷയാല്‍ തിരസ്കൃതരായവര്‍
പേരമക്കളെ കാണുവാനായ്
മനം നൊന്ത് കാത്തിരിപ്പോര്‍..
പാഠശാലയിലേക്ക് പോകവേയുള്ള
അപ്പൂപ്പാ..വിളിക്കായ് കാതോര്‍ത്തിരിക്കുന്നവര്‍
ഇന്നന്ത്യക്കാഴ്ച്ച!

വൃദ്ധയില്ലാതെ വൃദ്ധനൊറ്റക്കാവതില്ല!
അപ്പൂപ്പാവിളി കേള്‍ക്കാതിരുന്നപ്പോള്‍
എന്തുപറ്റിയെന്നാധിയോടെ എഴുന്നേറ്റിരുവരും
മകന്റെ വീട്ടിലേക്കായ്..ഊന്നുവടിയാല്‍ വൃദ്ധന്‍
വേവലാതിയോടേന്തി വലിഞ്ഞ് വൃദ്ധയും

Monday, November 19, 2007

കാപട്യം

വാക്കിലും നോക്കിലും കുലീനത
സ്ത്രീവാദത്തിന്നനുകൂലി
സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ
വേദികളില്‍..
സ്ത്രീപുരുഷസമത്വ വിഷയങ്ങളില്‍
ഢോക്ടറേറ്റ്..
എന്നിട്ടും, സമ്മേളന നഗരിയില്‍നിന്നും
വൈകിയാത്രയായ വാഹനത്തില്‍
മാനഭംഗംനടത്തി "ബലിയാടായ്"
ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...

പാശ്ചാത്യസംസ്കാരത്തിന്റെ
പോരായ്മകളെക്കുറിച്ച് വാചാലന്‍..
ബന്ധങ്ങള്‍ക്ക് വിലയില്ലാത്തവര്‍
ലൈംഗികതക്ക് വിലക്കില്ലാത്തോര്‍
കണ്ടവരോടൊത്ത് ഉലകം ചുറ്റുന്നവര്‍
അങ്ങനെ പോകുന്നു..
എപ്പോഴോ ഒരു വ്യഥിതബാല്യത്തെ
ചൂഷണം ചെയ്ത് വാര്‍ത്തകളില്‍..

കേരളത്തനിമ കേട്ട് നാട്കാണാനെത്തിയവര്‍
ഹര്‍ത്താല്‍ സംസ്കാരം നുകര്‍ന്ന് ക്ഷീണിച്ച്
കോവളത്ത് വൈറ്റമിന്‍ 'ഡി' ആര്‍ജ്ജിക്കവെ!
ദൈവത്തിന്റെ സ്വന്തം മക്കള്‍ നോട്ടത്താല്‍
ബലാല്‍ത്സംഗം ചെയ്തമ്പരപ്പിക്കുന്നു

Sunday, November 18, 2007

ഉപരിപ്ലവം

കുടിയന്‍ മറ്റൊരു കുടിയന്റെ സുഹൃത്തും
വഴികാട്ടിയുമാകുന്നു..
നുരയുന്ന വീഞ്ഞില്‍നിന്നും
ആളിപ്പടരുന്ന മദ്യാഗ്നിയിലൂടെ
പ്രണയിച്ചൊഴുകുന്ന സൗഹൃദമായ്
വാക്കിനും നോക്കിനും കയ്യൂക്കിനു-
മൊപ്പത്തിനൊപ്പമായ്
തോളോട് തോള്‍ ചേര്‍ന്ന്
അടുപ്പം നുണയുന്നവര്‍..
ലഹരിയൊഴിയുമ്പോള്‍
മൈത്രിയുടെ തീവ്രത കുറഞ്ഞ്
ആസ്ക്തിക്കടിമയായ്..
സ്മാളിനായ് ദാഹിച്ച്..
വില കളയാന്‍ അര്‍ത്ഥം നല്‍കുന്നവന്‍

Saturday, November 17, 2007

ഭ്രാന്ത്

മനോനിലതെറ്റിയവന്റെ ചെയ്തികള്‍ ഭ്രാന്താണോ..
ഇടവഴികളും നടവഴികളും താണ്ടി
കാഴ്ചകളോട് കെറുവിച്ചും കിന്നാരമോതിയും...
ചട്ടകൂടുകളില്‍നിന്നും മോചിതനായ്..
താന്തോന്നിയായ്..
വെളിപാടുകളുടെ ശുദ്ധിയുമായ്..
ആര്‍ത്തുചിരിക്കുകയോ..
കരയുകയോ.. ചെയ്യുന്നവന്‍!
നിങ്ങളുടെ ഭ്രാന്തവനെ തുറുങ്കിലടച്ചേക്കാം..
സ്വാതന്ത്ര്യത്തിന്റെ മായാകാഴ്ചകളില്‍
ഉള്‍ക്കണ്ണുതുറന്ന് ഉണ്മയറിഞ്ഞ്
പരിത്യാഗിയുടെ പ്രയാണമവസാനിപ്പിക്കാന്‍
നിങ്ങള്‍ക്കെന്തവകാശം...
ഭ്രാന്തില്ലാത്തവനല്ലേ അതിന്നുടയോന്‍

Friday, November 16, 2007

കുടുംബകോടതി

ബന്ധങ്ങളുടെ അഴിയാക്കുരുക്കില്‍
വേഷം കെട്ടിയാടുന്നൂ ഇവര്‍
ഒരുനാള്‍ ബന്ധുമിത്രാദികള്‍ക്ക് മുന്‍പില്‍
പവിത്രമാം താലിയാല്‍ ഒന്നായവര്‍
ഒട്ടേറെ കിനാക്കള്‍ ഒരുമിച്ചുനെയ്തവര്‍
രഹസ്യങ്ങളുടെ നൂല്‍മറയില്ലാത്തവര്‍
കോടതിമുറിയില്‍ പര്സ്പരം കടിച്ചുകീറുന്നു
ആജന്മശത്രുക്കളായ് പഴിചാരുന്നു
തെളിവിന്‍ ബലത്തില്‍ ന്യായം വിധിക്കുന്നു
വേര്‍പാടിന്‍ വിതുമ്പലില്‍ കുഞ്ഞുങ്ങള്‍ തളരുന്നു
ആര്‍ക്കാണു ജയം.. അച്ഛനോ.. അമ്മക്കോ..
നഷ്ടബാല്യം പകക്കും കുഞ്ഞിക്കണ്ണൂകള്‍ക്കോ..
കെട്ടിയാലുടന്‍ വീട് മാറണം
വൃദ്ധരാം രക്ഷിതാക്കള്‍ വൃദ്ധസദനത്തിലാവണം
സിനിമക്ക് പോയീലാ.. നാത്തൂന്‍ മിണ്ടീലാ..
ഒത്തുതീര്‍പ്പില്ല! പിരിഞ്ഞാല്‍ മാത്രം മതി
ഇഴപിരിയുന്ന ബന്ധങ്ങളുടെ കാഴ്ചയില്‍
ക്ഷമയെന്നൊരു വാക്കിനായ് നിഘണ്ടുവില്‍ പരതുമ്പോള്‍
നിലവിലില്ലാത്തതാണെന്ന സൂചന മാത്രം കാണ്‍മൂ

Thursday, November 15, 2007

സൗഹൃദങ്ങള്‍ വേര്‍പിരിയുന്നത്

ജീവിതമാം അജ്ഞാതതീരങ്ങളില്‍
അകപ്പെട്ടുഴലുന്നോര്‍ അറിയാതെ
സൗഹൃദങ്ങള്‍ അകന്നുപോകും
ക്ലേശങ്ങള്‍ തലയിലേറുന്നേരം
മൈത്രിബന്ധങ്ങള്‍ക്ക് സ്ഥാനമില്ല!

ജ്ഞാനിയോ വാക്മിയോ ഉണ്ടായിത്തീരുവാന്‍
ഏകനായ് നൗക തുഴഞ്ഞിടേണം
വീറുറ്റ കൃത്യങ്ങള്‍ ചെയ്തുവന്നീടുന്നവര്‍
തന്നിലൊതുങ്ങുന്നതു കാണുന്നേരം
കളിയാക്കീടുന്നോര്‍ കഥയറിഞ്ഞീടുവാന്‍
മംഗല്യമൊന്നു കഴിക്കവേണം!

അണുകുടുംബത്തിന്‍ ദൈന്യതയില്‍
പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല!
വിളക്കില്‍ പൊലിയുന്ന പാറ്റയെ
തടയുവാന്‍ മറ്റുള്ളവക്കാവതില്ല!
ആറിഞ്ഞോന്‍ പകരുമറിവിനെ
തൃണവല്‍ഗണിക്കുവാന്‍ ആളൊരുക്കം

ഗതകാലസ്മരണകള്‍ ഉള്ളിലൊതുക്കീട്ട്
വിഷണ്ണനായ് തീരുവാന്‍ മാത്രമായി..
എത്രയാള്‍ക്കൂട്ടത്തിലും ഒറ്റയാണെങ്കിലും
പഴയൊരാമൈത്രിയെ താലോലമാടുവാന്‍
കാലം പകരുന്നു ശാശ്വത സത്യങ്ങള്‍
സ്വാതന്ത്ര്യത്തിണ്ടെ മേച്ചില്‍പുറങ്ങളെ
അടിയറവാക്കീട്ട് നേടിയതെന്ത് നാം..

Wednesday, November 14, 2007

നിത്യത

അസ്വസ്ഥതയുടെ ഭ്രമണപഥത്തില്‍..
ശാന്തിതേടിയലയു‍മ്പോള്‍..!
സ്നേഹസാന്ത്വനമായ്
നീയെന്നിലുണരുന്നുവോ..?

പറഞ്ഞൊഴിയാത്ത ആഹ്ലാദവും
കരുണപൊഴിയുന്ന നോട്ടവുമായി..
നിന്റെ സ്മരണകള്‍..

അളവറ്റ സ്നേഹം നല്‍കാന്‍
നീയുണ്ടെന്നറിഞ്ഞപ്പോള്‍..
തിടുക്കമാകുന്നു

പൊയ്മുഖങ്ങള്‍ക്കിടയില്‍
കാപട്യത്തിന്റെ നെറുകയില്‍
സങ്കടങ്ങളുടെ നടുക്കടലില്‍
നീന്തിത്തളരുമ്പോള്‍
നിന്റെ സാമീപ്യത്തിനായ്
ആശ്ലേഷത്തിന്നായ് കൊതിക്കുന്നു

മാന്ത്രികസ്പര്‍ശമായി
എല്ലാം മറവിയിലാഴ്ത്തുന്ന
ശൂന്യതയില്‍ വിലയം ചെയ്യുന്ന
ശാന്തിതീരങ്ങള്‍ക്കായ്..
നിന്റെ കാലോച്ച‍ക്കായ്
കാതോര്‍ത്തിരിക്കുന്നു..

Sunday, November 11, 2007

പ്രണയഭാവങ്ങള്‍

ഒന്ന്

ഓര്‍മ്മകളുണര്‍ന്ന ജീവിതസന്ധ്യയില്‍
മനസ്സില്‍തെളിയുന്നു പോയകാലം
മോഹനരൂപവും മോഹവാക്കുമായ്
എന്‍ മനമേറിയ ദിവ്യ പ്രേമം
ആകര്‍ഷണത്താലതിസുന്ദരം
രതിവിസ്മയമാം ആദ്യകാലം
ശേഷം കഠിനമാം ദുരിതപര്‍വ്വം
കാണാത്തഭാവങ്ങള്‍ അറിയാത്തവേഷങ്ങള്‍
ആടിത്തിമര്‍ക്കുന്നു ജീവിതത്തില്‍
ദുഖത്തിന്‍ നിഴലില്‍ അറിയാതകലുമ്പോള്‍
ബന്ധനമാകുന്ന ബാന്ധവങ്ങള്‍
പ്രിയതരമാം കനവുകളൊക്കെയും
പാഴായിപ്പോകുമ്പോള്‍
സന്തോഷമാത്രകള്‍ വെറുതെയായി
ഒന്നായിരുന്നവര്‍ ധ്രുവങ്ങളായ് മാറീട്ട്
കാലം കഴിക്കുന്നു സമാപ്തരാകാന്‍..!

ര്‍ണ്ട്

നിഴല്‍ മൂടിയ ആകാശച്ചെരുവിലെ
പുല്‍ത്തകിടിയില്‍ അസ്തമയം നുകര്‍ന്നിരിക്കെ
അവര്‍ കമിതാക്കളായി..
സ്നേഹത്തിന്റെ നേര്‍ത്തനൂലിഴകളാല്‍
ബന്ധിതരായ്..
സ്നേഹം മാത്രം കൊതിച്ച്
മറ്റൊന്നും അഗ്രഹിക്കാതെ
അവര്‍ പരസ്പരം അറിയാന്‍ ശ്രമിച്ചു..
ഇന്നിന്റെ നിമിഷങ്ങളെ പരമാനന്ദമാക്കി
ഇന്നലെകളെ കുഴിച്ചുമൂടി അവര്‍ രമിച്ചു
അത്താഴം കഴിഞ്ഞ് വേര്‍പിരിയുന്നതുവരെ
അവര്‍ ഒന്നായി... വെള്ളം പോലെ
ശേഷം വിഘടിതരൂപമായി..

Saturday, November 10, 2007

വിചിത്രം

അമ്മായിയമ്മക്ക് പ്രായമായി
അസ്ത്രം പോല്‍ തറക്കുന്ന
വാക്കുകള്‍ക്കപഭ്രംശമായ്..
വേലക്കാജ്ഞാപിക്കാന്‍ വയ്യാതായ്..

എളിയിലെ താക്കോല്‍കൂട്ടം നോക്കി
മരുമോള്‍ കിനാക്കള്‍ നെയ്തു..
പീഡനത്തില്‍ നടുങ്ങാതെ നയിച്ചതിന്‍
ഫലപ്രാപ്തി കയ്യെത്താദൂരത്തല്ലോ..

മകനോ..ദിവസവും രാത്രിയില്‍
മാതാവിന്‍ പാപമുറകള്‍ കേള്‍ക്കേണം
പിന്നെ തലവര മന്ത്രവും കേള്‍ക്കേണം
ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ഗതികിട്ടതെത്രനാള്‍..!

"അമ്മക്കാവാതായ് താക്കോലിങ്ങ് വാങ്ങൂ.."
കര്‍ണ്ണപുടങ്ങള്‍ക്ക് ശാന്തിയേകാന്‍
ഒരുനാളമ്മയോടുര ചെയ്തൂ മകന്‍
"അമ്മക്കിനി വിശ്രമകാലം എല്ലാമവള്‍ നോക്കൂലോ.."
"സ്ഥാവരജംഗമങ്ങളിപ്പോഴുമെന്‍ പേരില്‍
വൃദ്ധസദനത്തിനായെഴുതി പടിയിറങ്ങും ഞാന്‍.."

മകനോ നമിപ്പൂ..ഗൃഹസ്ഥാശ്രമം വെടിഞ്ഞാ-
ശ്രമവാസിയാം പൂര്‍വ്വികരെ..
ഭവനം പൂകുമ്പോള്‍ നാലുകാലേലാവുന്നോരെ,
വിശ്രമവേളയിലാപ്പീസില്‍ ചെക്കേറും സഹജരെ

പെണ്ണല്ലെ പെണ്ണിന്‍ ശത്രു!
അവളിലെ ഭാവങ്ങള്‍ തമ്മില്‍ ചേരാത്തതെന്തേ..
സൃഷ്ടി തന്‍ വൈചിത്ര്യമാം
പിടികിട്ടാപ്പുള്ളിയാണോ..അവള്‍!

Friday, November 9, 2007

ബുദ്ധിജീവി

വാക്കുകള്‍ അറിവിന്റെ അക്ഷയപാത്രം
ചിന്തകള്‍ ബുദ്ധിസാന്ദ്രം..
വായനയുടെ ജ്ഞാനതീരങ്ങള്‍
നന്മക്കായ് സമര്‍പ്പിച്ച്
മാധ്യമങ്ങളില്‍ ബുദ്ധിജീവിയായി..
വാഴ്ത്തപ്പെട്ട ചിന്തകനായി.
വേദികളിള്‍ അനുഗ്രഹമായ്
ഊര്‍ജ്ജശ്രോതസ്സായി പരിലസിച്ചവന്‍

ആഗോളീകരണ അജ്ണ്ടയില്‍
വംശനാശം ഭവിച്ച ജീവിയായോന്‍..
അപ്പോഴും ജ്ഞാനപ്പഴമെടുത്തമ്മാനമാടി
ജരാനരകള്‍ അവഗണിച്ചോന്‍..
ചിന്നബാധയാല്‍ രാഷ്ട്രീയക്കാര്‍ തന്‍ ചട്ടുകമായിട്ട്
പിച്ചും പേയും പുലബീട്ട്..
ജനഹൃദയങ്ങളില്‍നിന്നും പടിയിറങ്ങിയോന്‍..

മരണപത്രത്തില്‍ ജഡം
വൈദ്യ വിദ്യാര്‍ത്ഥികള്‍ക്കായ് വിട്ടുകൊടുത്തോന്‍..
ഒടുവില്‍ ബുദ്ധിതന്‍ പ്രഭവകേന്ദ്രമറിയാന്‍
ശ്രമിച്ച ഗവേഷകര്‍ക്കത്ഭുത പ്രതിഭാസമായോന്‍
തലച്ചോര്‍ കാണാത്തോന്‍..
ബുദ്ധിജീവിയെന്നാരറിഞ്ഞു ഹേ..!

Wednesday, November 7, 2007

യാത്രാമൊഴി

ചക്രവാളത്തിനൊരു മൂടുപടമായ്..
കണ്ണിലൊരു നീര്‍ത്തുള്ളിയായ്..
തണുപ്പിന്റെ കിനാക്കളായ്..
കടലില്‍ മഴപെയ്തിറങ്ങുന്നൂ..

നിനവുകളില്‍ നിന്‍ മുഖം
അംബിളി തന്‍ തെളിമയോടെ
സൗമ്യമാം തുഷാരബിന്ദുവായ്..
ഹൃത്തിലലിഞ്ഞു ചേര്‍ന്നുവല്ലോ..

ഒളിവിതറും വെണ്മേഘങ്ങള്‍
കാര്‍ വര്‍ണ്ണന്‍ നിറമായെന്നോ..
എങ്ങുനിന്നോ വന്നകാറ്റില്‍
പെയ്തൊഴിയാന്‍ കാത്തുവെന്നോ..

പ്രകൃതി പുരുഷബന്ധവും ജലഭൂമിസ്പര്‍ശവും
പരസ്പരപൂരകങ്ങളല്ലയോ..
അറിയാതറിയുന്ന അറിവിന്റെ നേരുകള്‍
അതിലോലമാം നിന്‍ മെയ്യിന്‍ ചാരുതയല്ലയോ..

തിരകളില്‍ പതയായ് പാല്‍നുരയായ്
നിന്‍ മൃദുഹാസം കാണുന്നു
തീരം തേടും ചിപ്പികളില്‍
ബാല്യകൗതുകം കാണുന്നു

കടലില്‍ കൊടുങ്കാറ്റടിക്കുന്നു
തിരകളിളകി മറിയുന്നു
തീരത്തെഴുതിയ കുഞ്ഞിന്‍ കുസൃതിപോല്‍
നിന്‍ രൂപം മെല്ലെ മായുന്നു

പ്രകൃതി നിശ്ചയം തടുക്കാനാവുമോ
പ്രകൃതിതന്നിച്ഛകള്‍ നടക്കാതിരിക്കുമോ..
പിന്നിട്ടവഴികളില്‍ സ്വസ്ഥതയില്ലെന്നാലും
നല്ല നാളേക്കായ് സ്വാഗതമൊതാമല്ലോ..

നീ തീര്‍ത്ത മൗനനൊബരങ്ങള്‍
എന്നുള്ളില്‍ നീറിപ്പുകയുന്നുവെങ്കിലും
പുഷ്പങ്ങള്‍ തന്‍ മൃദുദളമൊരുക്കിയ
വഴിത്താരയാവട്ടേ നിന്‍ പാദസ്പര്‍ശങ്ങള്‍!

Monday, November 5, 2007

പാപം

അയാള്‍ മാറാരോഗത്തിന്‍ പിടിയിലമര്‍ന്നപ്പോള്‍
ആളുകള്‍ അത്ഭുതസ്തബ്ധരായി..
പരസ്ത്രീ ദര്‍ശനം പോലുമില്ലാത്ത
സാധുവാം അയാളെങ്ങനെ മ്ലേച്ഛനായി..

ദാതാവിന്‍ രക്തം സ്വീകരിച്ചിട്ടോ..
ഉപയോഗിച്ച സൂചിയാല്‍ കുത്തിവെയ്പ്പെടുത്തിട്ടോ..
പരസ്ത്രീഗമനമില്ലാതെ പിന്നെങ്ങനെ..
ഇതെന്തത്ഭുതം പങ്കാളിക്കാരോഗമില്ലത്രെ!

മരണത്തെ ധീരമായ് പുല്‍കാനുറച്ചിട്ടയാള്‍
സഹദുരിത ബാധിതര്‍ക്കായ് ശിഷ്ടകാലം സമര്‍പ്പിച്ചൂ..
രോഗബാധിതര്‍ക്കായ് സമൂഹത്തെ ഉണര്‍ത്തിയോന്‍..
അശരണര്‍ക്കത്താണിയായ് ക്യാബുകള്‍ തുറന്നവന്‍.

ഒടുവില്‍ ജീവന്‍ ശാന്തമായൊഴിഞ്ഞപ്പോള്‍
കണ്ടെടുക്കുന്നൂ.. സ്വകാര്യതാളുകള്‍..
അതില്‍ കുറിച്ചിട്ട ജീവരക്തം കിനിയും വാക്കുകള്‍..

"വാമഭാഗ മാണീ രോഗഹേതുവെന്നറിയുക..
ജീവവായു പോല്‍ അവശ്യമാം
വേഴ്ചയെ നിരുത്സാഹപ്പെടുത്തിയോള്‍
പൂജ്യമാം സൃഷ്ടികര്‍മ്മത്തെ പാപമെന്നോതി
പ്രാര്‍ത്ഥനയിലഭയം തേടിയോള്‍
പാവനകര്‍മ്മത്തിന്‍ നേരത്തോ..
ശാപവചസ്സുകളുതിര്‍ത്ത് ജഢമായികിടന്നവള്‍
നപുംസക ദര്‍ശനം സാധ്യമാക്കിയോള്‍..
ഒരുനാള്‍ ഞാനെല്ലാം മറന്നാസ്വദിച്ചൂ..
അതിനെന്‍ ജീവന്‍ ബലി നല്‍കിയെന്നാകിലും
തെല്ലൊരു കുറ്റബോധവുമില്ലെന്നോര്‍ക്ക നിങ്ങള്‍..
ഇതെന്‍ കഥമാത്രമല്ല കൂട്ടരെ!
അവബോധമില്ലാതെ ജീവിതം തകര്‍ക്കുന്ന
എത്ര കുലാംഗനമാരുണ്ടെന്നറിയാമോ..?"

Saturday, November 3, 2007

നെറ്റിലെ പ്രണയം

വാക്കുകള്‍ വര്‍ണ്ണമഴയായ് പെയ്തിറങ്ങിയ
കവിതയും സ്വപ്നങ്ങളും പങ്കുവെച്ച
നിലാവെന്ന ബ്ലോഗിലൂടെ ഞാന്‍ അവളെയറിഞ്ഞു

വരികളിലൂടെ ഹൃദയതാളവും
സ്നിഗ്ദസ്നേഹത്തിന്‍ മാധുര്യവും കൈമാറി

പറഞ്ഞു തീരാത്ത വാക്കുകളായ്..
പെയ്തൊഴിയാത്ത മേഘങ്ങളായ്..
അവളെന്നില്‍ നിറഞ്ഞൂ..

ആശയാഭിലാഷങ്ങള്‍ പരസ്പരപൂരകം
ലോകത്തിന്റെ ഏതോ കോണില്‍
വിചാരവികാരങ്ങളൊന്നായ്
പ്രണയത്തിന്റെ മാസ്മരിക തരംഗങ്ങിലൂടെ
ഞങ്ങളൊന്നായ്..

അവളുടെ ബ്ലോഗിന്റെ ഇളം നീല പശ്ചാത്തലവും
വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന
പ്രണയത്തിണ്റ്റെ അക്ഷയപാത്രവും
എപ്പോഴും എനിക്കായ് തുറന്നുവെച്ചു

അവസാനം കാത്തിരുന്ന നാളെത്തി
നാളും സമയവും കുറിച്ചെടുക്കാന്‍ വേണ്ടി
നിലാവിനായ് ഞാന്‍ പരതി..
ഈ താള്‍ കണ്ടെത്താനായില്ലെന്ന
മേഘസന്ദേശം അപ്പോളതില്‍ തെളിഞ്ഞുവന്നു.

Friday, November 2, 2007

ദാബത്യം

സൗഹൃദം വിടചൊല്ലിയപ്പോള്‍..
ഏകാന്തതയുടെ തുരുത്തില്‍
കിനാവിനെ പങ്കാളിയാക്കി
ഞാന്‍ ജീവിക്കാന്‍ തുടങ്ങി!

സങ്കടങ്ങള്‍ കാണാത്ത പുറംകാഴ്ചയില്‍
‍ഞങ്ങള്‍ മാതൃകാദബതികളായി..
സത്യത്തില്‍ ഏകാന്തതയിലെ കിനാക്കള്‍
ജീവിതഗന്ധികളായിരുന്നില്ല!
തൂലികാസൗഹൃദം പോലെ
ഇടക്കെപ്പോഴോ അത് മുറിഞ്ഞുപോയി..
ജീവിതയാത്രയില്‍ സംഭവിക്കാറുള്ളതുപോലെ

തിന്മയുടെ തടവറയില്‍ നന്മയും
അജ്ഞ്തയുടെ തടവറയില്‍ അറിവും ഇല്ലാതായ്..
ഞങ്ങള്‍ക്ക് കാണാനും കേള്‍ക്കാനും
പറയാനും പറയാതിരിക്കാനും
മറ്റൊന്നുമില്ലായിരുന്നു...

പരസ്പരം കണ്ടും കേട്ടും
ഒറ്റപ്പെടലിന്റെ മൂടുപടമഴിഞ്ഞപ്പോള്‍!
ഞങ്ങള്‍ മൊഴിചൊല്ലിപ്പിരിഞ്ഞു..
ഇനിയുമൊരു കൂടിചേരലിന്‍ന്റെ
വിരസതയൊഴിവാക്കാന്‍...

Thursday, November 1, 2007

തെരുവിലെ മഴ

കടത്തിണ്ണയിലുറങ്ങുന്ന കുട്ടിക്ക് കൂട്ടായി
പെരുമഴയുടെ കൂത്താട്ടം മാത്രം!
കീറപ്പുതപ്പിന്നുള്ളിലേക്കൊതുങ്ങുവാന്‍
കുഞ്ഞിക്കാലുകള്‍ക്കിത്തിരി സ്ഥലമില്ല!

നനഞ്ഞ പുതപ്പൊരു ശൈത്യത്തിന്‍ മേലാപ്പ്
അവള്‍ കിടക്കുബോഴോപ്പമമ്മയുണ്ടാവും..
ഇടക്കുണര്‍ന്നാലമ്മയെക്കാണില്ല!
അതിന്‍പൊരുളറിയാനിനി അധികം കഴിയണ്ട!

തെരുവിന്റെ മക്കള്‍ക്ക് പ്രായമിതേറിയല്ലോ!
പതിനാറു തികയാത്ത അമ്മക്കുപിറന്നവള്‍!
മഴക്കാലമവള്‍ക്കൊരു നരകം.
ഒഴിയാമഴയുകാണുബോള്‍ അവളോര്‍ക്കും..
ഇതമ്മതന്‍ തോരാത്ത കണ്ണീരല്ലെ!

ഈ മഴയത്തവള്‍ക്കതിമോഹങ്ങളില്ല!
ചുടുചായ വേണ്ട്! വയര്‍ നിറച്ചാഹാരം വേണ്ട്!
നനയാതെ കിടക്കാനൊരിടം കിട്ടിയെങ്കില്‍!
പശിയറിയാതെ തളര്‍ന്നൊന്നുറങ്ങീടാന്‍..

Wednesday, October 31, 2007

ഹര്‍ത്താല്‍

ഹര്‍ത്താല്‍ മാറ്റിയപ്പോള്‍ എല്ലാരും മൗനാത്തിലായ്..
ഹര്‍ത്താലൊരുക്കങ്ങള്‍ക്ക് മങ്ങലേറ്റു..

ബിവറേജുകടയുടെ മുന്നിലെ
അനുസരണയുടെ വരി അപ്രത്യക്ഷമായ്..
കൊഴിക്കടകളില്‍ തിരക്കൊഴിഞ്ഞു..

പെട്രോള്‍ ‍ബങ്കിലെ ജീവനക്കാര്‍ അസന്തുഷ്ട്രരായ്..
ചെത്തുകാര്‍ക്ക് തെങ്ങിന്‍ ചുവട്ടിലെ
കച്ചവടം നഷ്ടമായ്..

സര്‍ക്കാര്‍വാലകള്‍ക്കാപ്പീസിലെത്താതെയൊപ്പിട്ട്
ശബളം വാങ്ങാന്‍ സാധിക്കാതായ്..
മധ്യമങ്ങള്‍ക്ക് വാര്‍ത്താപ്രധാന്യം നഷ്ട്മായ്..

ഹര്‍ത്താലിനെതിരെ പടവാളോങ്ങിയ
കോടതിക്കോ ജനപിന്തുണയില്ലാ തായി..

എന്നാല്‍, ചിലരോ.. കൃതജ്ഞതയുള്ളവര്‍

ചികില്‍ത്സ കിട്ടാതെ മരണമടയേണ്ടവര്‍..
ഇസ്ങ്ങള്‍ക്കായ് ചാവാന്‍ വിധിച്ചവര്‍,
പിശാചേറിയ മര്‍ത്ത്യര്‍ക്കിടയില്‍
ദുരിതബാധിതരാം നിയമപാലകര്‍..!

Tuesday, October 30, 2007

അവള്‍

അവളുടെ പ്രേമം ...

ആസക്തി നിറഞ്ഞതായിരുന്നൂ..
ചന്തയിലെ വാടകമുറിയില്‍
ജാലകത്തിനപ്പുറത്തെ
നിരവധി കണ്ണുകളിലെ
മൈഥുനക്കാഴ്ചയായി
ആദ്യം വെളിപ്പെട്ടു..

അവളുടെ കാമുകന്....

വിധിച്ചത് ഭ്രാന്തായിരുന്നു...
ഭ്രമങ്ങള്‍‍ക്ക് വശം വദനായി
മായാകാഴ്ചകള്‍ കണ്‍ട്
അവന്‍ നാടിന്റെ ഭ്രാന്തനായി
അവളുടെ നേര്‍ച്ചക്കോഴിയായ്...

അവളുടെ ഭര്‍ത്താവ്...

ഗന്ധത്തിലും സ്പര്‍ശത്തിലും
ആത്മനിര്‍ വൃതിയടഞ്ഞ്..
സായൂജ്യത്തിന്റെ മൂര്‍ത്തിയായ്..
അവളെ ദര്‍ശിച്ച് ആനന്തനൃത്തമാടി!

അവള്‍..

അടിയറവറിയാത്തവള്‍
സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക-
പ്പുറത്തുനിന്നും..
പുരുഷന്റെ ദൗര്‍ബല്യം കണ്‍ടെടുത്തവള്‍..
മര്‍മ്മമറിഞ്ഞ സ്ത്രീവാദി.

Sunday, October 28, 2007

പീഡനം

വീട്ടുജോലിക്കാളെ വേണം
നാഥനും നാഥയും ജോലിക്കാരായാല്‍
കുഞ്ഞിനെ നോക്കുവാന്‍ മറ്റാരുണ്ട്..?

പലരോടും തിരക്കി പത്രത്തില്‍ പരസ്യവുമായ്..
ലീവെല്ലാം കഴിഞ്ഞിട്ടും ആരേയും കിട്ടീലാ..

അയല്‍ വീട്ടില്‍ ജോലിക്കാളുണ്ടല്ലോ.. ഒന്നിനും
കൊള്ളാത്തവനല്ലോയെന്‍ പതിയെന്ന പരിദേവനം..

ഒരുനാള്‍ പ്രഭാതത്തില്‍ വാമഭാഗം മൊഴിയുന്നൂ..
"അയലത്തെ പണിക്കാരി പിണങ്ങിപ്പോയീ..
നല്ലകുട്ടി.. പണിചെയ്യാന്‍ മിടുക്കി നിങ്ങളൊന്നു
ശ്രമിച്ചെന്നാല്‍ വരവിങ്ങോട്ടാക്കാം"

കോല്ലങ്കോട്ടൊരു ഗ്രാമത്തില്‍ പോയിറങ്ങീ..
ആരാഞ്ഞറിഞ്ഞിട്ടാ കുടിലിന്റെ പടികടന്നു..
കാര്യം ഗ്രഹിച്ചപ്പോള്‍ ശാന്തത തളം കെട്ടി..
ഇരിക്കാന്‍ പറഞ്ഞിട്ടാ ഗൃഹനാഥന്‍ പടിയിറങ്ങി..

ക്ഷണമാത്രയിലാ മുറ്റത്താള്‍ക്കൂട്ട മായ്..
എന്തെന്നറിയാതെ ഞാനും വിഷണ്ണനായ്..
കൂട്ടത്തിലൊരു തടിമാടന്‍ കോളറില്‍ പിടിമുറുക്കി..
പീഡനവീരായെന്നാക്രോശം കേട്ടപോലെ!
ഞാനല്ലാ.. ഞാനല്ലാ..നിലവിളി ആരു കേള്‍ക്കാന്‍!
കേസായ്.. പുലിവാലായ്.. ചാനല്‍കാര്‍ക്കാഘോഷമായ്..

നല്ല കുട്ടി, പണിചെയ്യാന്‍ മിടുക്കി...
കുട്ടിയെ നോക്കാന്‍ പണിപോയ ഞാനുമായി.

Saturday, October 27, 2007

പ്രവാസി

കനത്ത ഏകാന്തതയില്‍ മൗനം ഭഞ്ജിക്കാനൊ..
കഥയും കവിതയും നേരബോക്കുമായ്..
നിറനിലാവില്‍ കാറ്റേറ്റിരിക്കാനൊ..
അസ്ത്മയം നുകര്‍ന്നു തീരത്തിരിക്കാനൊ..
മേളം കേട്ട് പൂരപ്പറബില്‍ കറങ്ങാനൊ..
വല്ലപ്പോഴുമൊന്നുകൂടാനൊ... ആരുമില്ലാതായി.
സൂപ്പര്‍സ്റ്റാറിന്‍ തലവര തന്‍ പൃഷ്ഠത്തി-
ലെങ്കിലുമെന്നാത്മഗതം ചെയ്തവനും
കടല്‍ കടന്നെങ്ങൊ പോയ് പ്രവാസിയായ്..

സമാഗമങ്ങളിലെ സന്തോഷാശ്രുവും
വേര്‍പാടിലെ സങ്കടവും നിങ്ങള്‍ക്ക്

ദാബത്യത്തിലെ സില്‍ വര്‍ ജൂബിലിയില്‍
മാസങ്ങളുടെ കണക്ക് മാത്രം !

നിയന്ത്രണരേഖയില്ലാതെ പോറ്റിയമക്കള്‍
നിയന്ത്രണം വിട്ടോടുബോള്‍ പകയ്ക്കുന്നതും നിങ്ങള്‍

തൊഴില്‍ പോയി വീട്ടിലെത്തിയാല്‍
വിലയല്ലെന്നറിയാവുന്നവര്‍...കറവപശുക്കള്‍

വീട്ടാരെ നയിക്കാനായ് ജീവിതം ഹോമിച്ചവര്‍
ജീവിക്കാന്‍ മറന്നവര്‍...

നിങ്ങള്‍ പ്രവാസികളാണത്രെ !
സുന്ദരമാം പദം ആരിതിന്‍ ഉപഞ്ജാതാവ്.. ?

Friday, October 26, 2007

കഴിയുമോ

പത്രത്തില്‍ രോഗപീഡകള്‍
സഹിക്കുന്നവര്‍ ചികില്‍സക്കായ്
സഹായം തേടുബോള്‍ ..
കരളലിവുള്ളവര്‍ , ഹൃദയം നൊന്തവര്‍
ഉദാരമതികളായ് മാറുന്നു.. അക്കൗണ്ടില്‍
സംഖ്യയെത്തും മുന്‍പെ
കിടപ്പാടമതു പണയത്തിലോ..
അന്യകൈവശമോ ആയവര്‍

ചിലരൊ മനമെ കുഷ്ഠബാധിതര്‍
കണ്ണില്‍ പിശുക്കാഗ്നിയുള്ളവര്‍
കണ്ണടക്കുന്നു..ഒന്നും കാണാതിരിക്കുന്നു

ആശുപത്രിയില്‍ ചില ഭിഷഗ്വരര്‍
മഞ്ഞപ്പിത്ത ബാധിതര്‍ എല്ലാം
മഞ്ഞമയ മായ് കാണുന്നവര്‍...
തൊട്ടാലറിയാമെങ്കിലും സ്കാന്‍ ചെയ്യാന്‍..
കണ്‍ടാലറിയാമെന്നാലും ലാബിലേക്ക്
ഓരോന്നിനും പുതിയ പാക്കേജുകള്‍
കരള്‍ മാറ്റാം.. ബൈപ്പാസ് ചെയ്യാം
പോക്കറ്റില്‍ ലക്ഷങ്ങള്‍ മാത്രം മതി

അവസാനമോ.. രോഗത്തിന്‍ കരാളഹസ്തങ്ങള്‍
ജീവനുമയെങ്ങോ പോയ് മറയും
ബന്ധുക്കള്‍ ജീവ്ഛവങ്ങളായ് മാറുന്നു
തെരുവില്‍, കൊടും വറുതിയില്‍
ആശ്രയമില്ലാത്ത ആശ്രയഭവനത്തില്‍

രോഗം വന്നാല്‍ മാറില്ലെന്നായാല്‍
ലക്ഷങ്ങള്‍ മുടക്കണൊ ശുശ്രൂഷിക്കാന്‍
ജനനം മുതല്‍ അറിയാതൊടുങ്ങും
മരണത്തെ പുല്‍കിയാല്‍ എത്ര നന്ന്!

Thursday, October 25, 2007

നിനക്കായ്

മൗനത്തിന്റെ വീണുടഞ്ഞ വാക്കുകളായ് ..
നീയെന്റെയുള്ളിലുണരുന്നു..

സ്നെഹത്തിന്റെ നേര്‍ത്ത നൂലിഴകളില്‍
നിന്‍ മനമറിയാതഴിയുന്നു ...

മിഴിയൊരത്തൊരു പൂവിതളായ്..
പ്രതീക്ഷകള്‍ തുടിച്ചുയരുന്നു..

സ്നേഹത്തിന്റെ കാണാതീരങ്ങളെക്കുറിച്ച്
ഞാന്‍ വാചാലനാവുബോള്‍ ..

മണല്‍ ക്കൊട്ടാരമാവില്ലെന്ന് നിന്‍
വദനമരുമയോടോതുന്നു

നാം അരൂപികളാവുന്നതും
സന്തൊന ശാന്തിഗീതമുതിര്‍ക്കുന്നതുമായ്..


കിനാവുകള്‍ നേരുകളായ് മൊഴിയുന്നുവല്ലോ..
മനത്തില്‍ മ്രുദുലതയില്‍ സ്നേഹത്തിന്‍ വിത്തുകളായ്...


നീയെന്‍ ഹൃത്തിലൊരുമുത്തം
നല്‍കിയെന്നോ..നോവറിയാതെഞാനുറങ്ങിയെന്നോ

ഗമനം

അവന്റെ യാത്രകള്‍...

നിശബ്ദതയില്‍ കറുത്ത യാമങ്ങളന്നേഷിച്ച്.

മൗനത്തിന്റെ രാവാടയഴിച്ചും

ശബ്ദനഗ്നതയില്‍ വേഴ്ച നടത്തിയും..

അവന്‍ അന്നേഷിച്ചുകൊണ്ടിരുന്നു..

മൗനത്തിന്റെ പുറന്തോടിനുളളിലെ

ശബ്ദഘോഷയാത്രകളില്‍ വഴിയുടക്കിയിട്ടും

മോഹനൂല്‍പ്പാലം തകര്‍ന്നു പോയിട്ടും

പൊലിയാപ്രതീക്ഷയാല്‍ ഗമനം തുടരുന്നു..

Wednesday, October 24, 2007

ഞാന്‍

ദുഖത്തിനു......

കെട്ടുപിണഞ്ഞ് കിടക്കുന്ന നീലഞരബുകള്‍ ഉണ്ടെന്നും,
ഇഴപിരിച്ചെടുത്താല്‍ സത്യത്തിന്‍ നേര്‍ രേഖ
തെളിയുമെന്നും അപകടത്തില്‍ കണിട്ടും കാണാതെ കിടന്ന്
രക്തം വാര്‍ന്നു മരിച്ച സുഹ്രുത്ത് മരണമൊഴി നല്‍കിയത്രെ!


ആത്മഹത്യ....


ഭീരുവിന്‍ ഒളിച്ചോട്ടമല്ലെന്നും മനസ്സില്ലാത്തവരുടെ
നേര്ക്കെറിയുന്ന മനസ്സാക്ഷിയാണെന്നു കുറിപ്പെഴുതി
സ്വയംഹത്യ ചെയ്തവന്‍ അത്മമിത്രമായിരുന്നു..

കൂട്ടബലാല്‍ത്സംഗത്തിന്നിരയായി ആശുപത്രിയില്‍ മരണപ്പെട്ട
ക്ലാസ്മേറ്റ് തന്നെ ബലാല്‍ത്സംഗം ചെയ്തത് മനുഷ്യരല്ലെന്നു
പറഞ്ഞ് വാര്‍ത്താലോകത്ത് കൗതുകമുണര്‍ത്തിയിരിക്കുന്നു...

ഇതെല്ലാമറിഞ്ഞ്....

സുഹ്രുത്തുക്കള്‍ക്കീഗതിവന്നല്ലോയെന്ന് വാര്‍ത്താലോകത്തപലപിച്ച്
വീട്ടില്‍ വന്നെന്‍ പെണ്ണുമായ് മതിമറന്നുറങ്ങുന്നു ഞാന്‍...
------

Tuesday, October 23, 2007

ക്ഷണികസൗഹൃദം

ഞങ്ങള്‍ സുഹ്രുത്തുക്കള്‍, അവസാനവണ്ടിയിലെ പതിവുയത്രികര്‍..
അയാള്‍ക്ക് വന്ന്‌ഭവിക്കാം ഹ്രുധദയാഘാതവും,
വൈകിജനിച്ച മകന്‍ തന്‍ ഭാവിയും, ഗുമസ്തപ്പണി നല്‍കിയ-
മൂലക്കുരുവും കേട്ടുക്കേട്ടിപ്പോള്‍ എന്റെതുമായ്..

അയാള്‍ തന്‍ ആവലാതികള്‍ കേള്‍ക്കാനൊരു ചെവിയായ്..
സഹതപിക്കാനൊരു നാവായ്.. ഞാന്‍ യാത്ര തുടരവെ..

ഒരുനാള്‍ എന്നില്‍ പുകയും മൗനം പുറത്തുചാടുന്നു...
ക്ലേശങ്ങളങ്ങനെ വാക്കുകലാവുന്നു..വ്യസനത്താല്‍ ഭ്രന്തായ ഭാര്യയും,
റോഡോരത്ത് നടക്കുബോള്‍ വണ്ടിയിടിച്ച് മരിച്ച മകനും...

അയാളോ മൈത്രിയില്ലാതെ നോക്കീടുന്നു
പിന്നെ നീരസത്തോടെ തിരിഞ്ഞിരിക്കുന്നു, അവസാനവ്ണ്ടിയിലെ
അവസാനയാത്രികര്‍ നേരില്ലാനേരബോക്കായ് ..
ഞങ്ങള്‍ യാത്ര തുടരുന്നു...

---------------

Sunday, October 21, 2007

kadalariyunnu

kadalariyunnu

Arudhatha sangathikale
kollarudhathavarothu
nadathiyadhum

Chatha pratheekshakale
kattu parathiyathum
Nokethadhooratholoam
maunam pidichadakiyathum
Muriveta athmabimanam
Theeyileriyunnathum
Kadalilavanoru
Chithayorungiyathum
Kadalariyunnu