Thursday, December 20, 2007

എ. ടി. എം

ഒറ്റമുറിയില്‍ നിന്നും
ഉള്‍ക്കാഴ്ചയുടെ
പരിമളത്തില്‍
വെളിയിലിറങ്ങി
മെഷിനില്‍ തുട്ടിട്ട്
സുരക്ഷിതത്വത്തിന്റെ
ഉറയെടുത്തണിഞ്ഞ്
എ.ടി.എമ്മില്‍
കാര്‍ഡിട്ട് മെനുവിലെ
മെലിഞ്ഞതില്‍ ഞെക്കി
ഗ്ലാസ് പൊക്കിവന്ന
ചേലയില്ലാത്ത
സൗന്ദര്യവുമായി
നിലാവത്തിറങ്ങി
പോക്കുവെയിലില്‍
കറങ്ങി

സ്ഖലിച്ച സ്വപ്നങ്ങള്‍
മായാന്‍ തുടങ്ങിയപ്പോള്‍
നോക്കിയ വിളിച്ചു
അക്കൗണ്ടില്‍ സംഖ്യ
തീര്‍ന്നിരുന്നു..
ഉടയാത്ത ചന്തവുമായി
അവള്‍
വീണ്ടും കണ്ണാടിക്കൂട്ടിലേക്ക്

Saturday, December 15, 2007

കേസ്

വേലി തെക്കാണെന്നും
കാലപഴക്കത്താല്‍ സര്‍വേകല്ല്
തേഞ്ഞില്ലാതായെന്നും അന്യായം

വേലി വടക്കാണെന്നും
പഴകുംതോറും തെളിയും
മന്ത്രക്കല്ലെന്ന് പത്രിക

വിള തിന്ന്
വേലിയില്ലാതായെന്ന് വിധി

വേലിയോ വിളയോ മൂപ്പെന്ന്
അപ്പീല്‍ വാദി

ആകാശം വീണെന്ന് കേട്ട
മുയല്‍കഥയല്ലെന്ന് എതൃകക്ഷി

തീര്‍പ്പ്
രണ്ടുപേര്‍ക്കും തെക്ക് ആറടി

Friday, December 14, 2007

അവസ്ഥാന്തരം

മുറ്റത്തെ ചെമ്പകം
പൂക്കള്‍ ചോപ്പായി
സുഗന്ധമായി
മുടിച്ചുരുളുകളില്‍
പുസ്തക സഞ്ചിയില്‍
ഇളം കനവുകളില്‍
പ്രണയവഴികളില്‍
ഇലകള്‍ തഴച്ച്
പൂക്കള്‍ നിറഞ്ഞ്
നിറ ചന്തമായി

മോന്തായം വിട്ടപ്പോള്‍
കാരണവര്‍ക്ക് കാലനായ്
അപശകുനമായ്
ബലിയാടായ്
തല തകര്‍ന്ന്
ഉടല്‍ ചിന്നഭിന്നമായ്
നറുമണമില്ലാതെ
അട്ടത്തെ ശേഖരമായ്

Tuesday, December 11, 2007

സ്വാര്‍ത്ഥം

മാപ്പ്....
സ്കൂളില്‍ സതീര്‍ത്ഥ്യനിരിക്കുമ്പോള്‍
പെന്‍സില്‍ കുത്തി നിറുത്തിയതിന്
മുത്തി ചത്ത് കട്ടിലൊഴിയാന്‍
കാത്തതിന്..
കള്ള്മോന്തി അമ്മയെ തല്ലി
ചോറുകലമെറിഞ്ഞ്
നോവിപ്പിച്ച അച്ഛന്‍
ഉണരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതിന്
അയലത്തെ ഉയര്‍ച്ചയില്‍ ദുരമൂത്ത്
ഭ്രാന്താവാന്‍ നേര്‍ച്ചയിട്ടതിന്
സീനിയറുടെ മോളെ കെട്ടി
ആപ്പീസിന്റെ മരുമോനാവാന്‍ മോഹിച്ചതിന്
സ്വൈരം കിട്ടാന്‍ നല്ലപാതി
ഒളിച്ചോടാനാശിച്ചതിന്
പെങ്ങളുടെ ഗര്‍വൊതുക്കാന്‍
അളിയന്‍ വണ്ടിതട്ടി വടിയാവാന്‍ തോന്നിച്ചതിന്
മക്കള്‍ വടിവാളുമായ് കലികയറിയോടുമ്പോള്‍
ബീജമായ് തിരിച്ചെടുക്കാന്‍ അഗ്രഹിച്ചതിന്
ദുരിത നിവാരണത്തിന്
സ്വയംഹത്യചെയ്യാനൊരുങ്ങിയതിന്

Sunday, December 9, 2007

ഭാവങ്ങള്‍

വികാരങ്ങള്‍
ബഹിര്‍ഗമിക്കുമ്പോള്‍
സ്നേഹം
ആര്‍ദ്രമാം ഇളംകാറ്റായ്
ദുഖം
കണ്ണീരായ് പെയ്തൊഴിഞ്ഞ്
വിഷാദം
മൂടിക്കെട്ടിയ കാര്‍മേഘമായ്
ആഹ്ലാദം
വീണുടഞ്ഞ പളുങ്കായ്
ചിരിച്ച് ചിതറി
ആശ്ചര്യം
തൊണ്ടയില്‍ കുരുങ്ങി
ആകാംക്ഷ
ഒരുമുഴം മുന്‍പെ എടുത്തുചാടി
പ്രണയം
നിരവൃതിയുടെ ഉത്സവമായ്
കാമം
ആത്മസായൂജ്യമായ് കെട്ടുപിണഞ്ഞ്
വെറുപ്പ്
സമാന്തരരേഖയായ്
അസൂയ
ഉമിത്തീയായ് എരിഞ്ഞ്

വികാരങ്ങള്‍
കലഹിക്കുമ്പോള്‍
കാമം സംഹാരമായ്
ക്രോധം സായൂജ്യമായ്
ഭ്രമവശം വദരായ്
വിചാര വിരാമമായി..

Friday, December 7, 2007

പരിണാമം

വെറുപ്പാണെന്നറിയാതെ
സ്നേഹത്താല്‍ ബന്ധിതനാക്കി
അന്നം നല്‍കി
മാംസത്തെ ശുദ്ധീകരിച്ച്
നഗ്നതയെ മറച്ച്
വിഹല്വതകളെയകറ്റി
ആത്മാവില്‍ വെളിച്ചമേകി
ഹൃദയത്തില്‍ നന്മയുടെ
പൂക്കളൊരുക്കി
അവള്‍ സ്നേഹം പകര്‍ന്നു..

വെളിപാടുകളുടെ
പ്രേരകമായ്
സ്നേഹവൃക്ഷത്തിന്റെ
നാമ്പുകള്‍ വളര്‍ന്ന്
വെറുപ്പിന്റെ വടവൃക്ഷത്തില്‍
പടര്‍ന്നുകയറി
തിരിച്ചറിവിന്റെ
സ്നേഹതീരങ്ങളൊരുങ്ങിയപ്പോള്‍
അറിയാതെ ഇഷ്ടമായി..

അപ്പോഴേക്കും
പരിണാമത്തിന്റെ
ദശാസന്ധിയില്‍
കാപട്യം തിരിച്ചറിഞ്ഞ
അവള്‍ സ്നേഹം
പകുത്തു തുടങ്ങിയിരുന്നു..