Saturday, November 10, 2007

വിചിത്രം

അമ്മായിയമ്മക്ക് പ്രായമായി
അസ്ത്രം പോല്‍ തറക്കുന്ന
വാക്കുകള്‍ക്കപഭ്രംശമായ്..
വേലക്കാജ്ഞാപിക്കാന്‍ വയ്യാതായ്..

എളിയിലെ താക്കോല്‍കൂട്ടം നോക്കി
മരുമോള്‍ കിനാക്കള്‍ നെയ്തു..
പീഡനത്തില്‍ നടുങ്ങാതെ നയിച്ചതിന്‍
ഫലപ്രാപ്തി കയ്യെത്താദൂരത്തല്ലോ..

മകനോ..ദിവസവും രാത്രിയില്‍
മാതാവിന്‍ പാപമുറകള്‍ കേള്‍ക്കേണം
പിന്നെ തലവര മന്ത്രവും കേള്‍ക്കേണം
ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ഗതികിട്ടതെത്രനാള്‍..!

"അമ്മക്കാവാതായ് താക്കോലിങ്ങ് വാങ്ങൂ.."
കര്‍ണ്ണപുടങ്ങള്‍ക്ക് ശാന്തിയേകാന്‍
ഒരുനാളമ്മയോടുര ചെയ്തൂ മകന്‍
"അമ്മക്കിനി വിശ്രമകാലം എല്ലാമവള്‍ നോക്കൂലോ.."
"സ്ഥാവരജംഗമങ്ങളിപ്പോഴുമെന്‍ പേരില്‍
വൃദ്ധസദനത്തിനായെഴുതി പടിയിറങ്ങും ഞാന്‍.."

മകനോ നമിപ്പൂ..ഗൃഹസ്ഥാശ്രമം വെടിഞ്ഞാ-
ശ്രമവാസിയാം പൂര്‍വ്വികരെ..
ഭവനം പൂകുമ്പോള്‍ നാലുകാലേലാവുന്നോരെ,
വിശ്രമവേളയിലാപ്പീസില്‍ ചെക്കേറും സഹജരെ

പെണ്ണല്ലെ പെണ്ണിന്‍ ശത്രു!
അവളിലെ ഭാവങ്ങള്‍ തമ്മില്‍ ചേരാത്തതെന്തേ..
സൃഷ്ടി തന്‍ വൈചിത്ര്യമാം
പിടികിട്ടാപ്പുള്ളിയാണോ..അവള്‍!

1 comment:

പ്രയാസി said...

പെണ്ണല്ലെ പെണ്ണിന്‍ ശത്രു!
അവളിലെ ഭാവങ്ങള്‍ തമ്മില്‍ ചേരാത്തതെന്തേ..
സൃഷ്ടി തന്‍ വൈചിത്ര്യമാം
പിടികിട്ടാപ്പുള്ളിയാണോ..അവള്‍!

കുറുവത്തേ..വരികള്‍ കലക്കിയല്ലോ..:)