Wednesday, November 7, 2007

യാത്രാമൊഴി

ചക്രവാളത്തിനൊരു മൂടുപടമായ്..
കണ്ണിലൊരു നീര്‍ത്തുള്ളിയായ്..
തണുപ്പിന്റെ കിനാക്കളായ്..
കടലില്‍ മഴപെയ്തിറങ്ങുന്നൂ..

നിനവുകളില്‍ നിന്‍ മുഖം
അംബിളി തന്‍ തെളിമയോടെ
സൗമ്യമാം തുഷാരബിന്ദുവായ്..
ഹൃത്തിലലിഞ്ഞു ചേര്‍ന്നുവല്ലോ..

ഒളിവിതറും വെണ്മേഘങ്ങള്‍
കാര്‍ വര്‍ണ്ണന്‍ നിറമായെന്നോ..
എങ്ങുനിന്നോ വന്നകാറ്റില്‍
പെയ്തൊഴിയാന്‍ കാത്തുവെന്നോ..

പ്രകൃതി പുരുഷബന്ധവും ജലഭൂമിസ്പര്‍ശവും
പരസ്പരപൂരകങ്ങളല്ലയോ..
അറിയാതറിയുന്ന അറിവിന്റെ നേരുകള്‍
അതിലോലമാം നിന്‍ മെയ്യിന്‍ ചാരുതയല്ലയോ..

തിരകളില്‍ പതയായ് പാല്‍നുരയായ്
നിന്‍ മൃദുഹാസം കാണുന്നു
തീരം തേടും ചിപ്പികളില്‍
ബാല്യകൗതുകം കാണുന്നു

കടലില്‍ കൊടുങ്കാറ്റടിക്കുന്നു
തിരകളിളകി മറിയുന്നു
തീരത്തെഴുതിയ കുഞ്ഞിന്‍ കുസൃതിപോല്‍
നിന്‍ രൂപം മെല്ലെ മായുന്നു

പ്രകൃതി നിശ്ചയം തടുക്കാനാവുമോ
പ്രകൃതിതന്നിച്ഛകള്‍ നടക്കാതിരിക്കുമോ..
പിന്നിട്ടവഴികളില്‍ സ്വസ്ഥതയില്ലെന്നാലും
നല്ല നാളേക്കായ് സ്വാഗതമൊതാമല്ലോ..

നീ തീര്‍ത്ത മൗനനൊബരങ്ങള്‍
എന്നുള്ളില്‍ നീറിപ്പുകയുന്നുവെങ്കിലും
പുഷ്പങ്ങള്‍ തന്‍ മൃദുദളമൊരുക്കിയ
വഴിത്താരയാവട്ടേ നിന്‍ പാദസ്പര്‍ശങ്ങള്‍!