Saturday, November 10, 2007

വിചിത്രം

അമ്മായിയമ്മക്ക് പ്രായമായി
അസ്ത്രം പോല്‍ തറക്കുന്ന
വാക്കുകള്‍ക്കപഭ്രംശമായ്..
വേലക്കാജ്ഞാപിക്കാന്‍ വയ്യാതായ്..

എളിയിലെ താക്കോല്‍കൂട്ടം നോക്കി
മരുമോള്‍ കിനാക്കള്‍ നെയ്തു..
പീഡനത്തില്‍ നടുങ്ങാതെ നയിച്ചതിന്‍
ഫലപ്രാപ്തി കയ്യെത്താദൂരത്തല്ലോ..

മകനോ..ദിവസവും രാത്രിയില്‍
മാതാവിന്‍ പാപമുറകള്‍ കേള്‍ക്കേണം
പിന്നെ തലവര മന്ത്രവും കേള്‍ക്കേണം
ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ ഗതികിട്ടതെത്രനാള്‍..!

"അമ്മക്കാവാതായ് താക്കോലിങ്ങ് വാങ്ങൂ.."
കര്‍ണ്ണപുടങ്ങള്‍ക്ക് ശാന്തിയേകാന്‍
ഒരുനാളമ്മയോടുര ചെയ്തൂ മകന്‍
"അമ്മക്കിനി വിശ്രമകാലം എല്ലാമവള്‍ നോക്കൂലോ.."
"സ്ഥാവരജംഗമങ്ങളിപ്പോഴുമെന്‍ പേരില്‍
വൃദ്ധസദനത്തിനായെഴുതി പടിയിറങ്ങും ഞാന്‍.."

മകനോ നമിപ്പൂ..ഗൃഹസ്ഥാശ്രമം വെടിഞ്ഞാ-
ശ്രമവാസിയാം പൂര്‍വ്വികരെ..
ഭവനം പൂകുമ്പോള്‍ നാലുകാലേലാവുന്നോരെ,
വിശ്രമവേളയിലാപ്പീസില്‍ ചെക്കേറും സഹജരെ

പെണ്ണല്ലെ പെണ്ണിന്‍ ശത്രു!
അവളിലെ ഭാവങ്ങള്‍ തമ്മില്‍ ചേരാത്തതെന്തേ..
സൃഷ്ടി തന്‍ വൈചിത്ര്യമാം
പിടികിട്ടാപ്പുള്ളിയാണോ..അവള്‍!

Friday, November 9, 2007

ബുദ്ധിജീവി

വാക്കുകള്‍ അറിവിന്റെ അക്ഷയപാത്രം
ചിന്തകള്‍ ബുദ്ധിസാന്ദ്രം..
വായനയുടെ ജ്ഞാനതീരങ്ങള്‍
നന്മക്കായ് സമര്‍പ്പിച്ച്
മാധ്യമങ്ങളില്‍ ബുദ്ധിജീവിയായി..
വാഴ്ത്തപ്പെട്ട ചിന്തകനായി.
വേദികളിള്‍ അനുഗ്രഹമായ്
ഊര്‍ജ്ജശ്രോതസ്സായി പരിലസിച്ചവന്‍

ആഗോളീകരണ അജ്ണ്ടയില്‍
വംശനാശം ഭവിച്ച ജീവിയായോന്‍..
അപ്പോഴും ജ്ഞാനപ്പഴമെടുത്തമ്മാനമാടി
ജരാനരകള്‍ അവഗണിച്ചോന്‍..
ചിന്നബാധയാല്‍ രാഷ്ട്രീയക്കാര്‍ തന്‍ ചട്ടുകമായിട്ട്
പിച്ചും പേയും പുലബീട്ട്..
ജനഹൃദയങ്ങളില്‍നിന്നും പടിയിറങ്ങിയോന്‍..

മരണപത്രത്തില്‍ ജഡം
വൈദ്യ വിദ്യാര്‍ത്ഥികള്‍ക്കായ് വിട്ടുകൊടുത്തോന്‍..
ഒടുവില്‍ ബുദ്ധിതന്‍ പ്രഭവകേന്ദ്രമറിയാന്‍
ശ്രമിച്ച ഗവേഷകര്‍ക്കത്ഭുത പ്രതിഭാസമായോന്‍
തലച്ചോര്‍ കാണാത്തോന്‍..
ബുദ്ധിജീവിയെന്നാരറിഞ്ഞു ഹേ..!

Wednesday, November 7, 2007

യാത്രാമൊഴി

ചക്രവാളത്തിനൊരു മൂടുപടമായ്..
കണ്ണിലൊരു നീര്‍ത്തുള്ളിയായ്..
തണുപ്പിന്റെ കിനാക്കളായ്..
കടലില്‍ മഴപെയ്തിറങ്ങുന്നൂ..

നിനവുകളില്‍ നിന്‍ മുഖം
അംബിളി തന്‍ തെളിമയോടെ
സൗമ്യമാം തുഷാരബിന്ദുവായ്..
ഹൃത്തിലലിഞ്ഞു ചേര്‍ന്നുവല്ലോ..

ഒളിവിതറും വെണ്മേഘങ്ങള്‍
കാര്‍ വര്‍ണ്ണന്‍ നിറമായെന്നോ..
എങ്ങുനിന്നോ വന്നകാറ്റില്‍
പെയ്തൊഴിയാന്‍ കാത്തുവെന്നോ..

പ്രകൃതി പുരുഷബന്ധവും ജലഭൂമിസ്പര്‍ശവും
പരസ്പരപൂരകങ്ങളല്ലയോ..
അറിയാതറിയുന്ന അറിവിന്റെ നേരുകള്‍
അതിലോലമാം നിന്‍ മെയ്യിന്‍ ചാരുതയല്ലയോ..

തിരകളില്‍ പതയായ് പാല്‍നുരയായ്
നിന്‍ മൃദുഹാസം കാണുന്നു
തീരം തേടും ചിപ്പികളില്‍
ബാല്യകൗതുകം കാണുന്നു

കടലില്‍ കൊടുങ്കാറ്റടിക്കുന്നു
തിരകളിളകി മറിയുന്നു
തീരത്തെഴുതിയ കുഞ്ഞിന്‍ കുസൃതിപോല്‍
നിന്‍ രൂപം മെല്ലെ മായുന്നു

പ്രകൃതി നിശ്ചയം തടുക്കാനാവുമോ
പ്രകൃതിതന്നിച്ഛകള്‍ നടക്കാതിരിക്കുമോ..
പിന്നിട്ടവഴികളില്‍ സ്വസ്ഥതയില്ലെന്നാലും
നല്ല നാളേക്കായ് സ്വാഗതമൊതാമല്ലോ..

നീ തീര്‍ത്ത മൗനനൊബരങ്ങള്‍
എന്നുള്ളില്‍ നീറിപ്പുകയുന്നുവെങ്കിലും
പുഷ്പങ്ങള്‍ തന്‍ മൃദുദളമൊരുക്കിയ
വഴിത്താരയാവട്ടേ നിന്‍ പാദസ്പര്‍ശങ്ങള്‍!

Monday, November 5, 2007

പാപം

അയാള്‍ മാറാരോഗത്തിന്‍ പിടിയിലമര്‍ന്നപ്പോള്‍
ആളുകള്‍ അത്ഭുതസ്തബ്ധരായി..
പരസ്ത്രീ ദര്‍ശനം പോലുമില്ലാത്ത
സാധുവാം അയാളെങ്ങനെ മ്ലേച്ഛനായി..

ദാതാവിന്‍ രക്തം സ്വീകരിച്ചിട്ടോ..
ഉപയോഗിച്ച സൂചിയാല്‍ കുത്തിവെയ്പ്പെടുത്തിട്ടോ..
പരസ്ത്രീഗമനമില്ലാതെ പിന്നെങ്ങനെ..
ഇതെന്തത്ഭുതം പങ്കാളിക്കാരോഗമില്ലത്രെ!

മരണത്തെ ധീരമായ് പുല്‍കാനുറച്ചിട്ടയാള്‍
സഹദുരിത ബാധിതര്‍ക്കായ് ശിഷ്ടകാലം സമര്‍പ്പിച്ചൂ..
രോഗബാധിതര്‍ക്കായ് സമൂഹത്തെ ഉണര്‍ത്തിയോന്‍..
അശരണര്‍ക്കത്താണിയായ് ക്യാബുകള്‍ തുറന്നവന്‍.

ഒടുവില്‍ ജീവന്‍ ശാന്തമായൊഴിഞ്ഞപ്പോള്‍
കണ്ടെടുക്കുന്നൂ.. സ്വകാര്യതാളുകള്‍..
അതില്‍ കുറിച്ചിട്ട ജീവരക്തം കിനിയും വാക്കുകള്‍..

"വാമഭാഗ മാണീ രോഗഹേതുവെന്നറിയുക..
ജീവവായു പോല്‍ അവശ്യമാം
വേഴ്ചയെ നിരുത്സാഹപ്പെടുത്തിയോള്‍
പൂജ്യമാം സൃഷ്ടികര്‍മ്മത്തെ പാപമെന്നോതി
പ്രാര്‍ത്ഥനയിലഭയം തേടിയോള്‍
പാവനകര്‍മ്മത്തിന്‍ നേരത്തോ..
ശാപവചസ്സുകളുതിര്‍ത്ത് ജഢമായികിടന്നവള്‍
നപുംസക ദര്‍ശനം സാധ്യമാക്കിയോള്‍..
ഒരുനാള്‍ ഞാനെല്ലാം മറന്നാസ്വദിച്ചൂ..
അതിനെന്‍ ജീവന്‍ ബലി നല്‍കിയെന്നാകിലും
തെല്ലൊരു കുറ്റബോധവുമില്ലെന്നോര്‍ക്ക നിങ്ങള്‍..
ഇതെന്‍ കഥമാത്രമല്ല കൂട്ടരെ!
അവബോധമില്ലാതെ ജീവിതം തകര്‍ക്കുന്ന
എത്ര കുലാംഗനമാരുണ്ടെന്നറിയാമോ..?"

Saturday, November 3, 2007

നെറ്റിലെ പ്രണയം

വാക്കുകള്‍ വര്‍ണ്ണമഴയായ് പെയ്തിറങ്ങിയ
കവിതയും സ്വപ്നങ്ങളും പങ്കുവെച്ച
നിലാവെന്ന ബ്ലോഗിലൂടെ ഞാന്‍ അവളെയറിഞ്ഞു

വരികളിലൂടെ ഹൃദയതാളവും
സ്നിഗ്ദസ്നേഹത്തിന്‍ മാധുര്യവും കൈമാറി

പറഞ്ഞു തീരാത്ത വാക്കുകളായ്..
പെയ്തൊഴിയാത്ത മേഘങ്ങളായ്..
അവളെന്നില്‍ നിറഞ്ഞൂ..

ആശയാഭിലാഷങ്ങള്‍ പരസ്പരപൂരകം
ലോകത്തിന്റെ ഏതോ കോണില്‍
വിചാരവികാരങ്ങളൊന്നായ്
പ്രണയത്തിന്റെ മാസ്മരിക തരംഗങ്ങിലൂടെ
ഞങ്ങളൊന്നായ്..

അവളുടെ ബ്ലോഗിന്റെ ഇളം നീല പശ്ചാത്തലവും
വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന
പ്രണയത്തിണ്റ്റെ അക്ഷയപാത്രവും
എപ്പോഴും എനിക്കായ് തുറന്നുവെച്ചു

അവസാനം കാത്തിരുന്ന നാളെത്തി
നാളും സമയവും കുറിച്ചെടുക്കാന്‍ വേണ്ടി
നിലാവിനായ് ഞാന്‍ പരതി..
ഈ താള്‍ കണ്ടെത്താനായില്ലെന്ന
മേഘസന്ദേശം അപ്പോളതില്‍ തെളിഞ്ഞുവന്നു.

Friday, November 2, 2007

ദാബത്യം

സൗഹൃദം വിടചൊല്ലിയപ്പോള്‍..
ഏകാന്തതയുടെ തുരുത്തില്‍
കിനാവിനെ പങ്കാളിയാക്കി
ഞാന്‍ ജീവിക്കാന്‍ തുടങ്ങി!

സങ്കടങ്ങള്‍ കാണാത്ത പുറംകാഴ്ചയില്‍
‍ഞങ്ങള്‍ മാതൃകാദബതികളായി..
സത്യത്തില്‍ ഏകാന്തതയിലെ കിനാക്കള്‍
ജീവിതഗന്ധികളായിരുന്നില്ല!
തൂലികാസൗഹൃദം പോലെ
ഇടക്കെപ്പോഴോ അത് മുറിഞ്ഞുപോയി..
ജീവിതയാത്രയില്‍ സംഭവിക്കാറുള്ളതുപോലെ

തിന്മയുടെ തടവറയില്‍ നന്മയും
അജ്ഞ്തയുടെ തടവറയില്‍ അറിവും ഇല്ലാതായ്..
ഞങ്ങള്‍ക്ക് കാണാനും കേള്‍ക്കാനും
പറയാനും പറയാതിരിക്കാനും
മറ്റൊന്നുമില്ലായിരുന്നു...

പരസ്പരം കണ്ടും കേട്ടും
ഒറ്റപ്പെടലിന്റെ മൂടുപടമഴിഞ്ഞപ്പോള്‍!
ഞങ്ങള്‍ മൊഴിചൊല്ലിപ്പിരിഞ്ഞു..
ഇനിയുമൊരു കൂടിചേരലിന്‍ന്റെ
വിരസതയൊഴിവാക്കാന്‍...

Thursday, November 1, 2007

തെരുവിലെ മഴ

കടത്തിണ്ണയിലുറങ്ങുന്ന കുട്ടിക്ക് കൂട്ടായി
പെരുമഴയുടെ കൂത്താട്ടം മാത്രം!
കീറപ്പുതപ്പിന്നുള്ളിലേക്കൊതുങ്ങുവാന്‍
കുഞ്ഞിക്കാലുകള്‍ക്കിത്തിരി സ്ഥലമില്ല!

നനഞ്ഞ പുതപ്പൊരു ശൈത്യത്തിന്‍ മേലാപ്പ്
അവള്‍ കിടക്കുബോഴോപ്പമമ്മയുണ്ടാവും..
ഇടക്കുണര്‍ന്നാലമ്മയെക്കാണില്ല!
അതിന്‍പൊരുളറിയാനിനി അധികം കഴിയണ്ട!

തെരുവിന്റെ മക്കള്‍ക്ക് പ്രായമിതേറിയല്ലോ!
പതിനാറു തികയാത്ത അമ്മക്കുപിറന്നവള്‍!
മഴക്കാലമവള്‍ക്കൊരു നരകം.
ഒഴിയാമഴയുകാണുബോള്‍ അവളോര്‍ക്കും..
ഇതമ്മതന്‍ തോരാത്ത കണ്ണീരല്ലെ!

ഈ മഴയത്തവള്‍ക്കതിമോഹങ്ങളില്ല!
ചുടുചായ വേണ്ട്! വയര്‍ നിറച്ചാഹാരം വേണ്ട്!
നനയാതെ കിടക്കാനൊരിടം കിട്ടിയെങ്കില്‍!
പശിയറിയാതെ തളര്‍ന്നൊന്നുറങ്ങീടാന്‍..