Monday, November 19, 2007

കാപട്യം

വാക്കിലും നോക്കിലും കുലീനത
സ്ത്രീവാദത്തിന്നനുകൂലി
സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ
വേദികളില്‍..
സ്ത്രീപുരുഷസമത്വ വിഷയങ്ങളില്‍
ഢോക്ടറേറ്റ്..
എന്നിട്ടും, സമ്മേളന നഗരിയില്‍നിന്നും
വൈകിയാത്രയായ വാഹനത്തില്‍
മാനഭംഗംനടത്തി "ബലിയാടായ്"
ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...

പാശ്ചാത്യസംസ്കാരത്തിന്റെ
പോരായ്മകളെക്കുറിച്ച് വാചാലന്‍..
ബന്ധങ്ങള്‍ക്ക് വിലയില്ലാത്തവര്‍
ലൈംഗികതക്ക് വിലക്കില്ലാത്തോര്‍
കണ്ടവരോടൊത്ത് ഉലകം ചുറ്റുന്നവര്‍
അങ്ങനെ പോകുന്നു..
എപ്പോഴോ ഒരു വ്യഥിതബാല്യത്തെ
ചൂഷണം ചെയ്ത് വാര്‍ത്തകളില്‍..

കേരളത്തനിമ കേട്ട് നാട്കാണാനെത്തിയവര്‍
ഹര്‍ത്താല്‍ സംസ്കാരം നുകര്‍ന്ന് ക്ഷീണിച്ച്
കോവളത്ത് വൈറ്റമിന്‍ 'ഡി' ആര്‍ജ്ജിക്കവെ!
ദൈവത്തിന്റെ സ്വന്തം മക്കള്‍ നോട്ടത്താല്‍
ബലാല്‍ത്സംഗം ചെയ്തമ്പരപ്പിക്കുന്നു

Sunday, November 18, 2007

ഉപരിപ്ലവം

കുടിയന്‍ മറ്റൊരു കുടിയന്റെ സുഹൃത്തും
വഴികാട്ടിയുമാകുന്നു..
നുരയുന്ന വീഞ്ഞില്‍നിന്നും
ആളിപ്പടരുന്ന മദ്യാഗ്നിയിലൂടെ
പ്രണയിച്ചൊഴുകുന്ന സൗഹൃദമായ്
വാക്കിനും നോക്കിനും കയ്യൂക്കിനു-
മൊപ്പത്തിനൊപ്പമായ്
തോളോട് തോള്‍ ചേര്‍ന്ന്
അടുപ്പം നുണയുന്നവര്‍..
ലഹരിയൊഴിയുമ്പോള്‍
മൈത്രിയുടെ തീവ്രത കുറഞ്ഞ്
ആസ്ക്തിക്കടിമയായ്..
സ്മാളിനായ് ദാഹിച്ച്..
വില കളയാന്‍ അര്‍ത്ഥം നല്‍കുന്നവന്‍

Saturday, November 17, 2007

ഭ്രാന്ത്

മനോനിലതെറ്റിയവന്റെ ചെയ്തികള്‍ ഭ്രാന്താണോ..
ഇടവഴികളും നടവഴികളും താണ്ടി
കാഴ്ചകളോട് കെറുവിച്ചും കിന്നാരമോതിയും...
ചട്ടകൂടുകളില്‍നിന്നും മോചിതനായ്..
താന്തോന്നിയായ്..
വെളിപാടുകളുടെ ശുദ്ധിയുമായ്..
ആര്‍ത്തുചിരിക്കുകയോ..
കരയുകയോ.. ചെയ്യുന്നവന്‍!
നിങ്ങളുടെ ഭ്രാന്തവനെ തുറുങ്കിലടച്ചേക്കാം..
സ്വാതന്ത്ര്യത്തിന്റെ മായാകാഴ്ചകളില്‍
ഉള്‍ക്കണ്ണുതുറന്ന് ഉണ്മയറിഞ്ഞ്
പരിത്യാഗിയുടെ പ്രയാണമവസാനിപ്പിക്കാന്‍
നിങ്ങള്‍ക്കെന്തവകാശം...
ഭ്രാന്തില്ലാത്തവനല്ലേ അതിന്നുടയോന്‍

Friday, November 16, 2007

കുടുംബകോടതി

ബന്ധങ്ങളുടെ അഴിയാക്കുരുക്കില്‍
വേഷം കെട്ടിയാടുന്നൂ ഇവര്‍
ഒരുനാള്‍ ബന്ധുമിത്രാദികള്‍ക്ക് മുന്‍പില്‍
പവിത്രമാം താലിയാല്‍ ഒന്നായവര്‍
ഒട്ടേറെ കിനാക്കള്‍ ഒരുമിച്ചുനെയ്തവര്‍
രഹസ്യങ്ങളുടെ നൂല്‍മറയില്ലാത്തവര്‍
കോടതിമുറിയില്‍ പര്സ്പരം കടിച്ചുകീറുന്നു
ആജന്മശത്രുക്കളായ് പഴിചാരുന്നു
തെളിവിന്‍ ബലത്തില്‍ ന്യായം വിധിക്കുന്നു
വേര്‍പാടിന്‍ വിതുമ്പലില്‍ കുഞ്ഞുങ്ങള്‍ തളരുന്നു
ആര്‍ക്കാണു ജയം.. അച്ഛനോ.. അമ്മക്കോ..
നഷ്ടബാല്യം പകക്കും കുഞ്ഞിക്കണ്ണൂകള്‍ക്കോ..
കെട്ടിയാലുടന്‍ വീട് മാറണം
വൃദ്ധരാം രക്ഷിതാക്കള്‍ വൃദ്ധസദനത്തിലാവണം
സിനിമക്ക് പോയീലാ.. നാത്തൂന്‍ മിണ്ടീലാ..
ഒത്തുതീര്‍പ്പില്ല! പിരിഞ്ഞാല്‍ മാത്രം മതി
ഇഴപിരിയുന്ന ബന്ധങ്ങളുടെ കാഴ്ചയില്‍
ക്ഷമയെന്നൊരു വാക്കിനായ് നിഘണ്ടുവില്‍ പരതുമ്പോള്‍
നിലവിലില്ലാത്തതാണെന്ന സൂചന മാത്രം കാണ്‍മൂ

Thursday, November 15, 2007

സൗഹൃദങ്ങള്‍ വേര്‍പിരിയുന്നത്

ജീവിതമാം അജ്ഞാതതീരങ്ങളില്‍
അകപ്പെട്ടുഴലുന്നോര്‍ അറിയാതെ
സൗഹൃദങ്ങള്‍ അകന്നുപോകും
ക്ലേശങ്ങള്‍ തലയിലേറുന്നേരം
മൈത്രിബന്ധങ്ങള്‍ക്ക് സ്ഥാനമില്ല!

ജ്ഞാനിയോ വാക്മിയോ ഉണ്ടായിത്തീരുവാന്‍
ഏകനായ് നൗക തുഴഞ്ഞിടേണം
വീറുറ്റ കൃത്യങ്ങള്‍ ചെയ്തുവന്നീടുന്നവര്‍
തന്നിലൊതുങ്ങുന്നതു കാണുന്നേരം
കളിയാക്കീടുന്നോര്‍ കഥയറിഞ്ഞീടുവാന്‍
മംഗല്യമൊന്നു കഴിക്കവേണം!

അണുകുടുംബത്തിന്‍ ദൈന്യതയില്‍
പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല!
വിളക്കില്‍ പൊലിയുന്ന പാറ്റയെ
തടയുവാന്‍ മറ്റുള്ളവക്കാവതില്ല!
ആറിഞ്ഞോന്‍ പകരുമറിവിനെ
തൃണവല്‍ഗണിക്കുവാന്‍ ആളൊരുക്കം

ഗതകാലസ്മരണകള്‍ ഉള്ളിലൊതുക്കീട്ട്
വിഷണ്ണനായ് തീരുവാന്‍ മാത്രമായി..
എത്രയാള്‍ക്കൂട്ടത്തിലും ഒറ്റയാണെങ്കിലും
പഴയൊരാമൈത്രിയെ താലോലമാടുവാന്‍
കാലം പകരുന്നു ശാശ്വത സത്യങ്ങള്‍
സ്വാതന്ത്ര്യത്തിണ്ടെ മേച്ചില്‍പുറങ്ങളെ
അടിയറവാക്കീട്ട് നേടിയതെന്ത് നാം..

Wednesday, November 14, 2007

നിത്യത

അസ്വസ്ഥതയുടെ ഭ്രമണപഥത്തില്‍..
ശാന്തിതേടിയലയു‍മ്പോള്‍..!
സ്നേഹസാന്ത്വനമായ്
നീയെന്നിലുണരുന്നുവോ..?

പറഞ്ഞൊഴിയാത്ത ആഹ്ലാദവും
കരുണപൊഴിയുന്ന നോട്ടവുമായി..
നിന്റെ സ്മരണകള്‍..

അളവറ്റ സ്നേഹം നല്‍കാന്‍
നീയുണ്ടെന്നറിഞ്ഞപ്പോള്‍..
തിടുക്കമാകുന്നു

പൊയ്മുഖങ്ങള്‍ക്കിടയില്‍
കാപട്യത്തിന്റെ നെറുകയില്‍
സങ്കടങ്ങളുടെ നടുക്കടലില്‍
നീന്തിത്തളരുമ്പോള്‍
നിന്റെ സാമീപ്യത്തിനായ്
ആശ്ലേഷത്തിന്നായ് കൊതിക്കുന്നു

മാന്ത്രികസ്പര്‍ശമായി
എല്ലാം മറവിയിലാഴ്ത്തുന്ന
ശൂന്യതയില്‍ വിലയം ചെയ്യുന്ന
ശാന്തിതീരങ്ങള്‍ക്കായ്..
നിന്റെ കാലോച്ച‍ക്കായ്
കാതോര്‍ത്തിരിക്കുന്നു..

Sunday, November 11, 2007

പ്രണയഭാവങ്ങള്‍

ഒന്ന്

ഓര്‍മ്മകളുണര്‍ന്ന ജീവിതസന്ധ്യയില്‍
മനസ്സില്‍തെളിയുന്നു പോയകാലം
മോഹനരൂപവും മോഹവാക്കുമായ്
എന്‍ മനമേറിയ ദിവ്യ പ്രേമം
ആകര്‍ഷണത്താലതിസുന്ദരം
രതിവിസ്മയമാം ആദ്യകാലം
ശേഷം കഠിനമാം ദുരിതപര്‍വ്വം
കാണാത്തഭാവങ്ങള്‍ അറിയാത്തവേഷങ്ങള്‍
ആടിത്തിമര്‍ക്കുന്നു ജീവിതത്തില്‍
ദുഖത്തിന്‍ നിഴലില്‍ അറിയാതകലുമ്പോള്‍
ബന്ധനമാകുന്ന ബാന്ധവങ്ങള്‍
പ്രിയതരമാം കനവുകളൊക്കെയും
പാഴായിപ്പോകുമ്പോള്‍
സന്തോഷമാത്രകള്‍ വെറുതെയായി
ഒന്നായിരുന്നവര്‍ ധ്രുവങ്ങളായ് മാറീട്ട്
കാലം കഴിക്കുന്നു സമാപ്തരാകാന്‍..!

ര്‍ണ്ട്

നിഴല്‍ മൂടിയ ആകാശച്ചെരുവിലെ
പുല്‍ത്തകിടിയില്‍ അസ്തമയം നുകര്‍ന്നിരിക്കെ
അവര്‍ കമിതാക്കളായി..
സ്നേഹത്തിന്റെ നേര്‍ത്തനൂലിഴകളാല്‍
ബന്ധിതരായ്..
സ്നേഹം മാത്രം കൊതിച്ച്
മറ്റൊന്നും അഗ്രഹിക്കാതെ
അവര്‍ പരസ്പരം അറിയാന്‍ ശ്രമിച്ചു..
ഇന്നിന്റെ നിമിഷങ്ങളെ പരമാനന്ദമാക്കി
ഇന്നലെകളെ കുഴിച്ചുമൂടി അവര്‍ രമിച്ചു
അത്താഴം കഴിഞ്ഞ് വേര്‍പിരിയുന്നതുവരെ
അവര്‍ ഒന്നായി... വെള്ളം പോലെ
ശേഷം വിഘടിതരൂപമായി..