Friday, November 30, 2007

സ്വാതന്ത്ര്യം

അസമയത്തെ വണ്ടിയില്‍
കൂസലേതുമില്ലാതെ
തിങ്ങിഞെരുങ്ങി
അവളിരിക്കുന്നു

കൂടെയാരുമില്ലാത്ത
പെണ്ണില്‍ കാണുന്ന
ഭീതിയില്ല!
തിരക്കുന്ന പൂവാലരൊ
സ്പര്‍ശസുഖകാംക്ഷികളൊ
അലട്ടുന്നില്ല

സ്വാതന്ത്ര്യത്തിന്‍ ലഹരിയില്‍
കണ്ണുകളില്‍ പുച്ഛം
കാന്തിവദനത്തില്‍
പ്രസന്നതനിഴലാട്ടം
ഇഷ്ട്ക്കേടുകളുടെ
പൊരുത്തക്കേടില്‍
നിന്നുയര്‍ന്ന ഉജ്ജ്വലഭാവം

ആരിവള്‍ ഗണികയൊ..
ഭയക്കേണ്ട മാനമിവള്‍ക്കില്ലേ
വിവിധാനുഭവങ്ങളില്‍
ഭോഗലോലയായ് ചാര്‍ത്തിയ
പൗരുഷത്താലഹങ്കാരി
ആണിവള്‍ക്ക് തൃണം

ദാമ്പത്യം, ആര്‍ത്തവവിമ്മിഷ്ടം
ആവര്‍ത്തന വിരസം
അടിമത്വത്തിന്‍ കണ്ണികള്‍
മക്കള്‍, അന്ത്യക്കൂട്ടിന്നത്താണി
വ്യര്‍ത്ഥമാം പ്രതീക്ഷ!
സ്വാര്‍ത്ഥതയുടെ മറുവശം

ചിന്തകളിങ്ങനെ വിഹരിക്കെ
സ്റ്റേഷനു മുന്നില്‍ ഗര്‍വ്വോടെയിറങ്ങി
വനിതാപോലീസായി
ചിതറിയ വികാരങ്ങള്‍
വാരിക്കൂട്ടി വണ്ടി മുന്നോട്ട്.!

Sunday, November 25, 2007

മൃഗയ

വിശാലമാം കാമ്പസില്‍
നിഴലേകും മരങ്ങള്‍ക്കിടയില്‍
സ്നേഹമായ് വീശുമിളംകാറ്റില്‍
കാരുണ്യമായ് ഇലകള്‍ പൊഴിയുന്നു

സതീര്‍ത്ഥ്യര്‍ ചെറുകൂട്ടങ്ങളായ്
കളിപറഞ്ഞും ചിരിച്ചും
മനമൊന്നായ് വിഹരിപ്പൂ..
നാളെയുടെ വരദാനങ്ങള്‍
മിണ്ടാപ്രാണികള്‍ക്കായ്
ജീവനുഴിഞ്ഞോര്‍..

കടമ്പകള്‍ കടന്നെത്തുന്നൂ പുതിയവര്‍
എല്ലാം കൗതുകമാമോദം
താമസാലയത്തില്‍; പണക്കൊഴുപ്പില്‍
എല്ലില്‍ വറ്റുകുത്തോര്‍.. പഴയവര്‍
താമസാലയ ഭരണക്കാര്‍
മൃഗയാവിനോദം തുടങ്ങുന്നു
മ്ലേച്ഛമാം രസങ്ങള്‍ പുറത്തെടുത്ത്
വിഷമയമാം പേക്കൂത്തുകളാടീട്ട്
ജീവഭയമുണര്‍ത്തീടുന്നു..
വഴങ്ങാത്തോര്‍ ഭ്രമവിഹല്വരായ്.
ദുര്‍ബലമനസ്കര്‍ ഒടുങ്ങാനൊരുങ്ങുന്നു
കഥയില്ലാത്തോരറിയുന്നൂ..
മുറവിളികള്‍ തുടങ്ങുകയായി

അന്വേഷണത്തിന്നൊടുവില്‍
ഭൂമി പിന്നേയും കറങ്ങുന്നു..
പുഴകടലിലൊടുങ്ങുന്നു..

Friday, November 23, 2007

ഒഴിഞ്ഞ വക്കീലാപ്പീസ്

ആളൊഴിഞ്ഞ വക്കീലാപ്പിസിന്റെ മൂലയില്‍
കറുത്ത ഗൗണ്‍ വേതാളം പോലെ തൂങ്ങുന്നു
ആശങ്കകളും ആവലാതികളും വായുവില്‍ തളംകെട്ടി
പാപികളുടെ ഇടത്താവളത്തില്‍
വെട്ടിനുറുക്കിയ മനസാക്ഷിത്തുണ്ടുകള്‍
ചോരപുരണ്ട് ചിതറിക്കിടക്കുന്നു
ദൈന്യതയുടെ നിഴലുകള്‍ വീണുടഞ്ഞ്
ഗുമസ്തന്റെ മൂലക്കുരു നീര്‍ച്ചാലുകളായി
പാടുവീണ മരക്കസേര ചുവപ്പണിയുന്നു
കഴുത്തറ്റം ചെളിയില്‍ താഴ്ന്നൊരു തലയുടെ
നിഴല്‍ നിലാവില്‍ തെളിയുമ്പോള്‍
വാനോളമുയരത്തില്‍ പെരുമയുടെ കേളികൊട്ട്
ശിഷ്യര്‍ക്ക് നല്‍കാത്ത പ്രതിഫലവും
പാഴായ അദ്ധ്വാനവും ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട്
കാബിന്‍ പൂട്ടി താക്കോല്‍ മണലാരണ്യത്തിലേക്ക്
വലിച്ചെറിയുന്നു.. അവര്‍ അക്കരെ പോകട്ടെയെന്നാവും
കക്ഷിയുടെ കാശ് മേശക്കുള്ളിലാകുന്നതുവരെ
ചതുരംഗം തുടരുന്ന മേശ ഇരയെകാത്ത്
എട്ടുകാലിവലപോലെ...
ചിത്രഗുപ്തന്‍ കുറിക്കാന്‍ മറന്ന
ശപിച്ചും ആഹ്ലാദമണപൊട്ടിയും
നല്‍കിയ ഫീസിന്റെ കണക്കുകള്‍
ഖഡ്ഗമായി ഗുരുവിന്റെ ശിരസ്സിനുമുകളില്‍
ചില്ലലമാരയിലെ അറിവിന്റെ വേദഗ്രന്ഥങ്ങള്‍
അസംബന്ധങ്ങള്‍ പുലമ്പി തലയറഞ്ഞുചിരിക്കുന്നു
അസന്‍ മാര്‍ഗ്ഗികള്‍ക്കൊരത്താണിയായി അപ്പോഴും
വാതിലുകള്‍ മലര്‍ക്കെ തുറന്നുകിടന്നിരുന്നു

Tuesday, November 20, 2007

അന്ത്യക്കാഴ്ച

വഴിയോരക്കുടിലിലെ വൃദ്ധരാം ദമ്പതികള്‍
വഴിക്കണ്ണുമായ് കാത്തിരിക്കുമ്പോഴൊരു
തര്‍ക്കമുരുത്തിരിയുന്നൂ..
ഉറപ്പിച്ച മരണമതേതുവിധം..?
വെള്ളത്തില്‍ മുങ്ങി നിറവയറായ്
ശ്വാസം കളയാമെന്നൊരാള്‍!
തൂങ്ങിയാല്‍ പെട്ടെന്നാകുമെന്ന് മറ്റൊരാള്‍
അല്ലെങ്കിലോ.. വണ്ടിക്കുമുന്നില്‍..
ക്ലെയിം സംഖ്യ മകനാവട്ടെയെന്നമ്മ!
ഉപേക്ഷിച്ചയാള്‍ക്ക് പണമോ..
തര്‍ക്കം മൂത്ത് പിണങ്ങിയിരിപ്പായി..

വാര്‍ദ്ധക്യത്തണലിനായ്..
നനച്ച് വടവൃക്ഷമാക്കിയോന്‍..
പരിചരണം ശരണമായപ്പോള്‍
ഉപേക്ഷയാല്‍ തിരസ്കൃതരായവര്‍
പേരമക്കളെ കാണുവാനായ്
മനം നൊന്ത് കാത്തിരിപ്പോര്‍..
പാഠശാലയിലേക്ക് പോകവേയുള്ള
അപ്പൂപ്പാ..വിളിക്കായ് കാതോര്‍ത്തിരിക്കുന്നവര്‍
ഇന്നന്ത്യക്കാഴ്ച്ച!

വൃദ്ധയില്ലാതെ വൃദ്ധനൊറ്റക്കാവതില്ല!
അപ്പൂപ്പാവിളി കേള്‍ക്കാതിരുന്നപ്പോള്‍
എന്തുപറ്റിയെന്നാധിയോടെ എഴുന്നേറ്റിരുവരും
മകന്റെ വീട്ടിലേക്കായ്..ഊന്നുവടിയാല്‍ വൃദ്ധന്‍
വേവലാതിയോടേന്തി വലിഞ്ഞ് വൃദ്ധയും

Monday, November 19, 2007

കാപട്യം

വാക്കിലും നോക്കിലും കുലീനത
സ്ത്രീവാദത്തിന്നനുകൂലി
സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ
വേദികളില്‍..
സ്ത്രീപുരുഷസമത്വ വിഷയങ്ങളില്‍
ഢോക്ടറേറ്റ്..
എന്നിട്ടും, സമ്മേളന നഗരിയില്‍നിന്നും
വൈകിയാത്രയായ വാഹനത്തില്‍
മാനഭംഗംനടത്തി "ബലിയാടായ്"
ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...

പാശ്ചാത്യസംസ്കാരത്തിന്റെ
പോരായ്മകളെക്കുറിച്ച് വാചാലന്‍..
ബന്ധങ്ങള്‍ക്ക് വിലയില്ലാത്തവര്‍
ലൈംഗികതക്ക് വിലക്കില്ലാത്തോര്‍
കണ്ടവരോടൊത്ത് ഉലകം ചുറ്റുന്നവര്‍
അങ്ങനെ പോകുന്നു..
എപ്പോഴോ ഒരു വ്യഥിതബാല്യത്തെ
ചൂഷണം ചെയ്ത് വാര്‍ത്തകളില്‍..

കേരളത്തനിമ കേട്ട് നാട്കാണാനെത്തിയവര്‍
ഹര്‍ത്താല്‍ സംസ്കാരം നുകര്‍ന്ന് ക്ഷീണിച്ച്
കോവളത്ത് വൈറ്റമിന്‍ 'ഡി' ആര്‍ജ്ജിക്കവെ!
ദൈവത്തിന്റെ സ്വന്തം മക്കള്‍ നോട്ടത്താല്‍
ബലാല്‍ത്സംഗം ചെയ്തമ്പരപ്പിക്കുന്നു

Sunday, November 18, 2007

ഉപരിപ്ലവം

കുടിയന്‍ മറ്റൊരു കുടിയന്റെ സുഹൃത്തും
വഴികാട്ടിയുമാകുന്നു..
നുരയുന്ന വീഞ്ഞില്‍നിന്നും
ആളിപ്പടരുന്ന മദ്യാഗ്നിയിലൂടെ
പ്രണയിച്ചൊഴുകുന്ന സൗഹൃദമായ്
വാക്കിനും നോക്കിനും കയ്യൂക്കിനു-
മൊപ്പത്തിനൊപ്പമായ്
തോളോട് തോള്‍ ചേര്‍ന്ന്
അടുപ്പം നുണയുന്നവര്‍..
ലഹരിയൊഴിയുമ്പോള്‍
മൈത്രിയുടെ തീവ്രത കുറഞ്ഞ്
ആസ്ക്തിക്കടിമയായ്..
സ്മാളിനായ് ദാഹിച്ച്..
വില കളയാന്‍ അര്‍ത്ഥം നല്‍കുന്നവന്‍

Saturday, November 17, 2007

ഭ്രാന്ത്

മനോനിലതെറ്റിയവന്റെ ചെയ്തികള്‍ ഭ്രാന്താണോ..
ഇടവഴികളും നടവഴികളും താണ്ടി
കാഴ്ചകളോട് കെറുവിച്ചും കിന്നാരമോതിയും...
ചട്ടകൂടുകളില്‍നിന്നും മോചിതനായ്..
താന്തോന്നിയായ്..
വെളിപാടുകളുടെ ശുദ്ധിയുമായ്..
ആര്‍ത്തുചിരിക്കുകയോ..
കരയുകയോ.. ചെയ്യുന്നവന്‍!
നിങ്ങളുടെ ഭ്രാന്തവനെ തുറുങ്കിലടച്ചേക്കാം..
സ്വാതന്ത്ര്യത്തിന്റെ മായാകാഴ്ചകളില്‍
ഉള്‍ക്കണ്ണുതുറന്ന് ഉണ്മയറിഞ്ഞ്
പരിത്യാഗിയുടെ പ്രയാണമവസാനിപ്പിക്കാന്‍
നിങ്ങള്‍ക്കെന്തവകാശം...
ഭ്രാന്തില്ലാത്തവനല്ലേ അതിന്നുടയോന്‍